മുംബൈ: ഐപിഎല്‍ പ്ലേ ഓഫുകളുടേയും ഫൈനലിന്റേയും സമയക്രമത്തില്‍ മാറ്റം വരുത്തുന്നു. പ്ലേ ഓഫ് മുതല്‍ കളികള്‍ നേരത്തെ തുടങ്ങാനാണ് തീരുമാനം. ചില മൽസരങ്ങള്‍ നേരത്തെ തീരുമാനിച്ച സമയവും കടന്ന് മുന്നോട്ട് പോകുന്ന സാഹചര്യത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ഐപിഎല്‍ പ്ലേ ഓഫ് മൽസരങ്ങളും ഫൈനലും ഏഴ് മണിക്ക് ആരംഭിക്കുമെന്ന് പത്രക്കുറിപ്പിലൂടെ ബിസിസിഐ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. നിലവില്‍ കളികള്‍ ആരംഭിക്കുന്നത് എട്ട് മണിക്കാണ്. ഐപിഎല്‍ ആരംഭിച്ച കാലം മുതല്‍ കളികള്‍ ആരംഭിക്കുന്നത് 8 മണിക്കാണ്. ഒരു ദിവസം രണ്ട് കളികളുണ്ടെങ്കില്‍ മാത്രം ഒരു കളി ഉച്ചയ്ക്കും രണ്ടാമത്തെ കളി എട്ട് മണിക്കും ആരംഭിക്കും.

മെയ് 22നാണ് ഈ സീസണിലെ ആദ്യ ക്വാളിഫയര്‍ മൽസരം നടക്കുക. മുംബൈയിലാണ് മൽസരം. എലിമിനേറ്ററും രണ്ടാം ക്വാളിഫയറും 23 നും 25നും കൊല്‍ക്കത്തയില്‍ നടക്കും. 27 ന് മുംബൈ വാങ്കഡെയിലായിരിക്കും ഫൈനല്‍ മൽസരം അരങ്ങേറുക.

”രാത്രിയിലെ മൽസരങ്ങള്‍ അര്‍ധരാത്രിയിലേക്ക് വരെ നീളാറുണ്ട്. അതുകൊണ്ട് നേരത്തെ തന്നെ കളി തുടങ്ങാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ചില ടീമുകള്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു. വീക്ക് എന്‍ഡില്‍ രണ്ട് കളികള്‍ വരുന്നതുകൊണ്ട് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പ്ലേ ഓഫില്‍ ഒരു ദിവസം ഒരു കളിയല്ലേ ഉണ്ടാകൂ. അതുകൊണ്ട് 7 മണിക്ക് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു”. ബിസിസിഐ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ