ജക്കാർത്ത: ഇന്ത്യോനേഷ്യൻ ഓപ്പണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ എച്എസ് പ്രണോയ്. ലോക ഒന്നാം നമ്പർ താരം ചൈനയുടെ ചെൻ ലോങിനെയാണ് ക്വാർട്ടറിൽ എച്ച്എസ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മലയാളി കൂടിയായ എച്ച്എസ് പ്രണോയ് ചൈനീസ് താരത്തെ അട്ടിമറിച്ചത്. സ്കോർ 21-18,16-21,21-19. ജയത്തോടെ പ്രണോയ് ഇന്ത്യോനേഷ്യൻ ഓപ്പണിന്രെ സെമിഫൈനനലിലേക്ക് മുന്നേറിയത്. മൂന്നാം റൗണ്ട് പോരാട്ടത്തിൽ 7 തവണ ലോകചാമ്പ്യനും 3 തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ലീ ചോങ് വെയെ അട്ടിമറിച്ചാണ് പ്രണോയ് ക്വാർട്ടറിൽ എത്തിയത്.

ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ​ ഒന്നാണ് എച്ചഎസ് പ്രണോയ് ഇന്ന് നേടിയത്. ലോക റാങ്കിങിൽ 29 സ്ഥാനത്തുള്ള പ്രണോയ് ലോക ഒന്നാം നമ്പർ താരത്തെ നിക്ഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ സെറ്റിൽ ഓരോ പോയിന്റിനും വേണ്ടി വാശിയേറിയ പോരാട്ടമാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. മികച്ച ബാക്ക് ഹാൻഡ് ഷോട്ടുകളും നെറ്റ് ഷോട്ടുകളിലൂടെയും കളം നിറഞ്ഞ പ്രണോയ് ആദ്യ സെറ്റ് 21-18 എന്ന സ്കോറിന് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ചെൻ ലോങ്ങ് വിട്ടുകൊടുത്തില്ല. ഇന്ത്യൻ താരത്തിന് എതിരെ ആക്രമണ ശൈലി പുറത്തെടുത്ത ചെൻ ലോങ്ങ് 16 – 21 എന്ന സ്കോറിന് രണ്ടാം സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റിൽ ഉണർന്ന് കളിച്ച എച്ച്എസ് പ്രണോയ് അത്യുജ്ജല പ്രകടനമാണ് പുറത്തെടുത്തത്. മികച്ച പോരാട്ട വീര്യം പുറത്തെടുത്ത പ്രണോയ് ചൈനീസ് താരത്തെ വെള്ളം കുടിപ്പിച്ചു. 19 എതിരെ 21 പോയിന്രുകൾക്ക് മൂന്നാം സെറ്റും മാച്ചു സ്വന്തമാക്കി പ്രണോയ് സെമിയിലേക്ക് കുതിച്ചു.

ഇന്ത്യൻ താരമായ കിടാംമ്പി ശ്രീകാന്തും സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. ചൈനീസ് തായ്പെയുടെ വെയ് വാങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ശ്രീകാന്ത് സെമി ബർത്ത് ഉറപ്പിച്ചത്. സ്കോർ 21-15,21-14.

ബാഡ്മിന്റണിലെ ചൈനീസ് ആധിപത്യത്തെ പിടിച്ച്കുലുക്കുന്ന പ്രകടനമാണ് സമീപകാലത്ത് ഇന്ത്യൻ താരങ്ങൾ കാഴ്ചവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ