കഴിഞ്ഞ വനിത ലോകകപ്പ് ക്രിക്കറ്റ് വരെ ഇന്ത്യയുടെ വനിത ക്രിക്കറ്റ് താരങ്ങളിൽ ഒന്നോ രണ്ടോ പേരെ മാത്രമേ ചുരുക്കം പേർക്ക് എങ്കിലും അറിയുമായിരുന്നുളളൂ. എന്നാൽ വനിത ക്രിക്കറ്റ് ടീമിന്റെ പ്രസിദ്ധി രാജ്യമാകെ വളർന്നത് പെട്ടെന്നാണ്. അതിൽ ഏറ്റവും കൂടുതൽ സ്നേഹം നേടിയ താരം ഇന്ത്യയുടെ ഓപ്പണർ കൂടിയായ സ്‌മൃതി മന്ദാനയും.

രണ്ട് തകർപ്പൻ സെഞ്ചുറികളിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ നെഞ്ചകം കീഴടക്കി സ്‌മൃതി. ഒറ്റയ്ക്ക് മൽസരം വിജയിപ്പിക്കാനുളള ഇന്ത്യയുടെ താരങ്ങളിൽ ഒരാൾ എന്ന നിലയിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് സ്മൃതി വളർന്നു. ഇന്നിപ്പോൾ ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് സ്‌മൃതി.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഓസീസിനെതിരായ ക്രിക്കറ്റ് പരമ്പര ഇന്ത്യൻ വനിതകളെ സംബന്ധിച്ച് അത്ര സുഖമുളളതല്ല. ആദ്യ രണ്ട് മൽസരങ്ങളും തോറ്റ് പരമ്പര നഷ്ടപ്പെട്ട ഇന്ത്യ മൂന്നാമത്തെയും അവസാനത്തേതുമായ മൽസരത്തിൽ ഓസീസിനെ നേരിടുകയാണ് ഇപ്പോൾ.

എന്നാൽ സ്മൃതി മന്ദാന ഈ ടൂർണമെന്റിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിരുന്നു. ആദ്യ കളിയിൽ 12 റൺസിന് പുറത്തായെങ്കിലും രണ്ടാമത്തെ മൽസരത്തിൽ 67 റൺസെടുത്ത മന്ദാന ഇന്നത്തെ കളിയിലും 52 റൺസെടുത്തു.

എന്നാൽ താൻ ഫീൽഡിലും വീറുളള പെൺപുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മന്ദാന ഇപ്പോൾ. ഓസീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദീപ്തിയുടെ പന്ത് ഹീലി ബൗണ്ടറിയിലേക്ക് പായിച്ചപ്പോൾ ഇത് തടുക്കാൻ സ്മൃതി നടത്തിയ ശ്രമമാണ് ഏറെ ചർച്ചയായത്.

18-ാം ഓവറിലെ രണ്ടാം പന്തിൽ ഹീലിയാണ് ദീപ്തിയുടെ പന്ത് സ്ലിപ്പിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചത്. ആദ്യ പന്ത് തടുക്കാൻ മന്ദാന ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. എന്നാൽ പന്തിന് പിന്നാലെ പാഞ്ഞ മന്ദാന ബൗണ്ടറി ലൈനിൽ തൊട്ടു-തൊട്ടില്ലെന്ന് നിൽക്കെ പന്ത് പുറത്തേക്ക് തട്ടിയിട്ട് ബൗണ്ടറി തടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ