മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു അമ്പാട്ടി റായിഡുവിന്റെ പ്രകടനം. സീസണിലുടനീളം സ്ഥിരതയോടേയും സ്‌ഫോടനാത്മകവുമായാണ് റായിഡു ബാറ്റ് ചെയ്തത്. തന്റെ പതിവ് ശൈലിയില്‍ നിന്നും മാറി കൂറേക്കൂടി ആക്രമിച്ച് കളിക്കുകയായിരുന്നു താരം.

എട്ട് വര്‍ഷത്തെ മുംബൈ ഇന്ത്യന്‍സ് യാത്ര അവസാനിപ്പിച്ചാണ് ഈ സീസണില്‍ റായിഡു ചെന്നൈയിലെത്തിച്ചത്. 2.20 കോടിയ്ക്കായിരുന്നു താരത്തെ ചെന്നൈ സ്വന്തമാക്കിയത്. പുതിയ ടീമിലെ ആദ്യ സീസണില്‍ തന്നെ കിരീടമുയര്‍ത്താനും റായിഡുവിന് സാധിച്ചു. തന്റെ നേട്ടങ്ങള്‍ക്ക് റായിഡുവിന് നന്ദി പറയാനുള്ളത് ഇന്ത്യയുടേയും ബെംഗളൂരുവിന്റേയും നായകന്‍ വിരാട് കോഹ്‌ലിയോടാണ്.

മിക്ക സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും അവരവരുടേതായ അന്ധ വിശ്വാസങ്ങളും ശീലങ്ങളുമുണ്ടാകും. ഇന്ത്യന്‍ താരം ഹര്‍ഭജന്റെ ഓണ്‍ലൈന്‍ ചാറ്റ് ഷോയായ ക്വിക്ക് ഹീല്‍ ഭാജി ബ്ലാസ്റ്റില്‍ പങ്കെടുക്കവെ തന്റെ ശീലത്തെ കുറിച്ച് മനസു തുറക്കുകയായിരുന്നു റായിഡു. എല്ലാ വര്‍ഷവും വിരാട് കോഹ്ലിയില്‍ നിന്നും ബാറ്റ് വാങ്ങുന്ന ശീലമുണ്ടെന്നായിരുന്നു റായിഡുവിന്റെ വെളിപ്പെടുത്തല്‍.

”എല്ലാ വര്‍ഷവും വിരാടിന്റെ അടുത്തു നിന്നും ഒരു ബാറ്റ് എടുക്കാറുണ്ട്. അവനും അറിയാം ശീലമായിപ്പോയെന്ന്. ഈ വര്‍ഷം നല്ല തെറിയും പറഞ്ഞാണ് തന്നത്,” താരം പറയുന്നു.

വിരാടിന്റെ ബാറ്റ് റായിഡുവിന് ഭാഗ്യം കൊണ്ടു വന്നെന്നു തന്നെയാണ് താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ താരത്തിന് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ക്ഷണം വന്നിട്ടുമുണ്ട്. തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ റായിഡു നേടിയതും ഇക്കൊല്ലമായിരുന്നു. പോരാത്തതിന് ടോപ്പ് സ്‌കോറര്‍മാരില്‍ നാലാമനുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook