ചെന്നെെ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും വാശിയോടെ ഏറ്റുമുട്ടുകയാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യ പഠിച്ച പണി പതിനെട്ടും നോക്കി കഴിഞ്ഞു. എന്നാൽ, റൂട്ട് തോൽവി സമ്മതിച്ചില്ലെന്ന് മാത്രമല്ല സെഞ്ചുറിയും നേടി ക്രീസിൽ നിൽക്കുകയാണ്. ഇതിനിടയിൽ വളരെ മനോഹരമായ ചില നിമിഷങ്ങൾ മെെതാനത്ത് അരങ്ങേറി. ഇംഗ്ലണ്ട് നായകന് ഒരു ബുദ്ധിമുട്ടുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇന്ത്യൻ നായകൻ തന്നെ. പിന്നീടുള്ള രംഗങ്ങളാണ് ഇന്നത്തെ ദിവസത്തിന്റെ ഏറ്റവും സുന്ദരമായ കാഴ്ച.
മൂന്നാം സെഷനിൽ ബാറ്റ് ചെയ്യുമ്പോഴാണ് റൂട്ട് കാലുളുക്കി ഗ്രൗണ്ടിലിരുന്നത്. 87-ാം ഓവറിലായിരുന്നു സംഭവം. ആർ.അശ്വിന്റെ പന്തിൽ റൺസെടുക്കാൻ ശ്രമിക്കുന്നതിനിടെ റൂട്ടിന്റെ കാൽ ഉളുക്കുകയും പേശീവലിവ് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് റൂട്ട് ഗ്രൗണ്ടിലിരുന്നു. ഇതുകണ്ട് ഉടൻ തന്നെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓടിയെത്തി. ഇംഗ്ലണ്ട് ടീം ഫിസിയോ റൂട്ടിന്റെ അരികിലേക്ക് വരുന്നുണ്ടായിരുന്നു. എന്നാൽ, അതിനു മുൻപ് തന്നെ കോഹ്ലിയെത്തുകയും റൂട്ടിന്റെ കാൽ സ്ട്രെച്ച് ചെയ്യാൻ സഹായിക്കുകയും ചെയ്തു. ബിസിസിഐ അടക്കം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ‘സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്’ എന്ന ഹാഷ്ടാഗോടെയാണ് ബിസിസിഐ ഈ വീഡിയോ പങ്കുവച്ചത്.
#SpiritOfCricket at its very best #INDvENG @Paytm | @imVkohli pic.twitter.com/vaEdH29VXo
— BCCI (@BCCI) February 5, 2021
അതേസമയം, ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടിയിട്ടുണ്ട്. നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനായി സെഞ്ചുറി നേടി. 197 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം 128 റൺസ് നേടിയ റൂട്ട് പുറത്താകാതെ നിൽക്കുന്നു. ടെസ്റ്റ് കരിയറിലെ 20-ാം സെഞ്ചുറിയാണ് റൂട്ട് ഇന്ന് സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിലെ നൂറാം മത്സരത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന അപൂർവ നേട്ടവും റൂട്ടിന് സ്വന്തം. നൂറാം ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഒൻപതാമത്തെ താരമാണ് റൂട്ട്.
Read Also: ഇത് അനീതിയോ ? രണ്ട് വർഷമായി ടെസ്റ്റ് ടീമിൽ ഇടം ലഭിക്കാതെ കുൽദീപ്, വിമർശനം
ഇംഗ്ലണ്ടിനായി ഓപ്പണർ ഡൊമിനിക് സിബ്ലിയും മികച്ച പ്രകടനം നടത്തി. സിബ്ലി 286 പന്തിൽ 12 ഫോറുകളുടെ അകമ്പടിയോടെ 87 റൺസ് നേടിയാണ് പുറത്തായത്. രണ്ടാം സെഷനിൽ ഇംഗ്ലണ്ടിന് വിക്കറ്റുകളൊന്നും നഷ്ടമായില്ല്. ഇംഗ്ലണ്ടിന് ആദ്യ രണ്ട് വിക്കറ്റും ഒന്നാം സെഷനിലാണ് നഷ്ടമായത്. റോറി ബേൺസ് (33), ഡാനിയൽ ലോറൻസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. സിബ്ലിയുടെ വിക്കറ്റ് നഷ്ടമായത് മൂന്നാം സെഷനിലും. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും ആർ. അശ്വിൻ ഒരു വിക്കറ്റും നേടി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.