രാജ്കോട്ട്: ടീമില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഏതൊരു യുവതാരത്തിനും അമ്പരപ്പും ആശങ്കയുമുണ്ടാകും. ആദ്യമായി ടെസ്റ്റ് കളിക്കാനിറങ്ങിറങ്ങുന്നതിന് മുമ്പ് ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായ്ക്കും ഈ പ്രശ്നമുണ്ടായിരുന്നു. ഷായുടെ ആശങ്കയും പേടിയും മാറ്റിയത് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. അതാണല്ലോ നല്ല നായകന്റെ ഉത്തരവാദിത്വം.

ടെസ്റ്റിന് മുമ്പ് രാജ്കോട്ടിലെ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ കോലി യുവതാരവുമായി കുറേനേരം സംസാരിച്ചു. അതും പൃഥ്വി ഷായുടെ മാതൃഭാഷയായ മറാഠിയില്‍. ഇതോടെ മുംബൈ താരത്തിന്റെ പേടിയും പതര്‍ച്ചയുമെല്ലാം പമ്പ കടന്നു.

‘കളിക്കിടയില്‍ വിരാട് കോലി കാര്‍ക്കശ്യക്കാരനാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ പരിശീലന സമയത്തൊക്കെ അദ്ദേഹം തമാശക്കാരനാണ്. മറാഠിയിലാണ് എന്നോടു സംസാരിച്ചത്. അത്രയ്ക്ക് വലിയ അറിവില്ലെങ്കിലും കഷ്ടപ്പെട്ട് മറാഠി സംസാരിച്ചു. ഇതുകേട്ട് എനിക്ക് ചിരിയും വന്നു.’ ബി.സി.സി.ഐ ടിവിയോട് ഷാ പറഞ്ഞു.

ഡ്രസ്സിങ് റൂമിലില്‍ സീനിയര്‍-ജൂനിയര്‍ വ്യത്യാസവും വേര്‍തിരിവുമൊന്നുമില്ലെന്ന് വിരാട് ഭായിയും രവി സാറും പറഞ്ഞു. അതെനിക്ക് ആശ്വാസമായി. രഞ്ജി ട്രോഫിയിലും മറ്റും കളിച്ചപോലെ ആസ്വദിച്ച് കളിച്ചാല്‍ മതിയെന്ന് രവി സാര്‍ പറഞ്ഞു. ആ പരിശീലന ദിവസം ഒരിക്കലും മറക്കില്ല. പൃഥ്വി ഷാ കൂട്ടിച്ചേര്‍ത്തു.

ആക്രമണ ശൈലിയില്‍ ബാറ്റ് വീശിയ ഷാ 99 പന്തില്‍നിന്നും 15 ബൗണ്ടറികളടക്കമാണ് സെഞ്ചുറി തികച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെയും അര്‍ദ്ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും മികവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തിട്ടുണ്ട്. റണ്‍സൊന്നും എടുക്കാത്ത രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമാകുകയായിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകളും ഷാ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചില്‍ തെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഷായ്ക്കാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook