ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് മികവിലാണ്. നൂറാം ട്വന്റി 20 മത്സരം കളിക്കാനിറങ്ങിയ രോഹിത് ശര്‍മ ഇന്ത്യയ്ക്കുവേണ്ടി 43 പന്തിൽ നിന്ന് 85 റൺസാണ് നേടിയത്. ട്വന്റി 20 യിലെ 18-ാം അർധ സെഞ്ചുറിയാണ് രോഹിത് രാജ്‌കോട്ടിൽ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ബോളർമാരെ പലതവണ അതിർത്തി കടത്തിയ രോഹിത് ശർമ എങ്ങനെയാണ് എളുപ്പത്തിൽ സിക്‌സറടിക്കേണ്ടതെന്ന് സുഹൃത്തിനു പറഞ്ഞുകൊടുക്കുകയാണ്. യുസ്‌വേ‌ന്ദ്ര ചാഹലിനോടാണ് ഹിറ്റ്‌മാൻ സിക്‌സറടിക്കാനുള്ള എളുപ്പവഴിയെ കുറിച്ച് സംസാരിക്കുന്നത്.

Read Also: ‘ഇതെന്താണു പന്തേ!’ സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു; തൊട്ടടുത്ത ഓവറില്‍ പകരം വീട്ടി, വീഡിയോ

സിക്‌സറടിക്കാൻ വലിയ മസിലോ ശരീരമോ വേണ്ടെന്ന് രോഹിത് ശർമ പറയുന്നു. ഈ ചെറിയ ശരീരംവച്ച് ചാഹലിനും വലിയ സിക്‌സറടിക്കാൻ സാധിക്കും. സിക്‌സർ നേടാൻ വലിയ ശക്തി മാത്രം പോര. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടൈമിങ് ആണ്. കൃത്യതയുണ്ടെങ്കിലേ മികച്ച സിക്‌സറുകൾ നേടാൻ സാധിക്കൂ. പന്ത് ബാറ്റിന്റെ മധ്യഭാഗത്തു കൊള്ളണം. മാത്രമല്ല, തല നേരെയായിരിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച രീതിയിൽ സിക്‌സറുകൾ നേടാൻ സാധിക്കുമെന്ന് രോഹിത് ശർമ ചാഹലിനോടു പറഞ്ഞു.

രാജ്‌കോട്ടിലെ ട്വന്റി 20 മത്സരത്തിൽ തുടക്കം മുതലേ ആക്രമിച്ചു കളിച്ച രോഹിത് അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ശേഷം രോഹിത് കൂടുതൽ അക്രമണകാരിയായി. പത്താം ഓവറിലെ ആദ്യ മൂന്നു പന്തുകളും തുടർച്ചയായി രോഹിത് സിക്‌സർ പറത്തി. കൂറ്റനടിക്കു ശ്രമിച്ചാണ് ഒടുവിൽ രോഹിത്തിനു വിക്കറ്റ് നഷ്ടമായതും. അപ്പോഴേക്കും ഇന്ത്യ വിജയത്തിലേക്ക് അടുത്തു കഴിഞ്ഞിരുന്നു.

നൂറാം രാജ്യാന്തര ട്വന്റി 20 യാണ് രോഹിത് ശർമ രാജ്‌കോട്ടിൽ പൂർത്തിയാക്കിയത്. 100 ട്വന്റി 20 കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററാണ് രോഹിത് ശർമ. നൂറാം ട്വന്റി 20 യിൽ രോഹിത് സെഞ്ചുറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കൂറ്റനടിക്കു ശ്രമിച്ച് താരം പുറത്താകുകയായിരുന്നു. സെഞ്ചുറിയിൽ കുറഞ്ഞതൊന്നും ഹിറ്റ്‌മാൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴുള്ള രോഹിത്തിന്റെ മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 100 ട്വന്റി 20 കളിച്ച പുരുഷ താരമെന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് രോഹിത്. പാക് താരം ശുഹൈബ് മാലിക് 111 ട്വന്റി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook