ലണ്ടന്‍: ഫോമിലുള്ള വിരാട് കോഹ്‌ലിയ്‌ക്കെതിരെ പന്തെറിയുക എന്നത് ഏത് ലോകോത്തര ബോളിങ് നിരയ്ക്കും കടുത്ത വെല്ലുവിളിയാണ്. എത്ര മികച്ച പന്തെറിഞ്ഞാലും അനായാസം വിരാട് നേരിടും. ട്വന്റി-20, ഏകദിന പരമ്പരകള്‍ക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നിലെ വെല്ലുവിളിയും വിരാടിനെ എങ്ങനെ തറപറ്റിക്കാം എന്നു തന്നെയായിരിക്കും.

വിരാടിനെ നേരിടാന്‍ ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് വിദ്യ ഓതുകയാണ് മുന്‍ നായകനും ഇതിഹാസ താരവുമായ മൈക്കിള്‍ വോഗണ്‍. വിരാടിനെ അഗ്രസീവായി തന്നെ വെല്ലുവിളിക്കണമെന്നാണ് വോഗണ്‍ പറയുന്നത്. ആദ്യ ടെസ്റ്റ് നടക്കുന്നത് എഡ്ജ്ബാസ്റ്റണിലാണെന്നതും ഇംഗ്ലണ്ടിന് സഹായകരമാകുമെന്നും അദ്ദേഹം പറയുന്നു.

”എഡ്ജ്ബാസ്റ്റണിലാണെന്നത് നല്ലതാണ്. അവിടെ നമ്മള്‍ തോല്‍ക്കില്ല. അവിടെ പന്തെറിയുന്നത് ബ്രോഡിനും ആന്‍ഡേഴ്‌സണും ഇഷ്ടമാണ്. അവര്‍ വിരാടിനെ ചലഞ്ച് ചെയ്യുകയും ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നിര്‍ബന്ധിതനാക്കുകയും ചെയ്യണം. ഓഫ് സ്റ്റമ്പിന് പുറത്തായി വേണം പന്തെറിയാന്‍. ലൈനിന് കുറുകെ കളിക്കാന്‍ വിരാട് അതോടെ നിര്‍ബന്ധിതനാകും. ആ സമയം മുതലെടുക്കണം.” അദ്ദേഹം പറയുന്നു.

വിരാട് ഓഫ് സൈഡിലേക്ക് ഫ്രണ്ട് ഫൂട്ടില്‍ കയറി കളിക്കുമെന്നും അതോടെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നതില്‍ വിരാടിന് ആശങ്കയാകുമെന്നും ഈ സാഹചര്യത്തില്‍ വിരാട് ഔട്ട് സൈഡ് എഡ്ജായി ഔട്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ അടിവരയിട്ടു പറയുന്നു. ഏകദിന മത്സരങ്ങളില്‍ ഇംഗ്ലണ്ട് ഇത് മുമ്പും കാണിച്ചു തന്നിട്ടുണ്ടെന്നും ഓഫ് സ്റ്റമ്പിന് പുറത്ത് വിരാട് വള്‍നറബിളാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ അത്ര നല്ല ചരിത്രമല്ല വിരാടിനുള്ളത്. 2014 ല്‍ ഇന്ത്യ ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ വിരാടിന്റെ ആകെ സമ്പാദ്യം 134 റണ്‍സ് മാത്രമായിരുന്നു. ഇത് വിരാടിന്റേയും മനസിലുണ്ടാകും. അതേസമയം. 3-1നായിരുന്നു അന്ന് പരമ്പര നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook