നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2011ൽ ശ്രീലങ്കയെ കലാശപോരാട്ടത്തിൽ തകർത്ത് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കിരീടം സ്വന്തമാക്കിയത് ക്രിക്കറ്റ് ആരാധകരിൽ ഇന്നും രോമാഞ്ചം ഉണർത്തുന്ന നിമിഷങ്ങളാണ്. ഫൈനലിനും മുൻപു നടന്ന തീപാറും സെമിയും ആരും മറക്കാനിടയില്ല. അയൽക്കാരായ പാക്കിസ്ഥാനെയായിരുന്നു സെമിയിൽ ഇന്ത്യ നേരിട്ടത്. പാക് പടയെ തകർത്തുള്ള ഫൈനൽ പ്രവേശനം ഇന്ത്യൻ ആരാധകർക്ക് കിരീടനേട്ടത്തിന് സമാനമായ ആഹ്ലാദമാണ് നൽകിയത്. ആ പോരാട്ടത്തിൽ ഇന്ത്യൻ ടീം അംഗമായിരുന്ന ആശിഷ് നെഹ്റയെ സഹായിച്ച രണ്ട് പാക് താരങ്ങളുണ്ട്, ഷാഹിദ് അഫ്രീദിയും ഷൊയ്ബ് അക്തറും.
അതൊരു ഓഫ് ഫീൽഡ് സഹായമായിരുന്നു. നെഹ്റയ്ക്ക് കുറച്ച് എക്സട്ര ടിക്കറ്റുകളുടെ ആവശ്യം വന്നപ്പോൾ സഹായിക്കാനെത്തിയത് പാക് താരങ്ങളായ അഫ്രീദിയും അക്തറുമായിരുന്നെന്ന് താരം പറഞ്ഞു. വൈസൻസിന്റെ പോഡ്കാസ്റ്റിലായിരുന്നു രസകരമായ സംഭവം നെഹ്റ ഓർത്തെടുത്തത്. ഇന്ത്യ-പാക് പോരാട്ടമാണെന്ന് അറിഞ്ഞതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് പറന്നെത്തിയ ആരാധകർ മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കിയതോടെ മണിക്കൂറുകൾക്കുള്ളിലാണ് ടിക്കറ്റ് ഹൗസ് കാലിയായത്.
Also Read: ലേഡീസ് ഫസ്റ്റ്; രാജ്യാന്തര ക്രിക്കറ്റിലെ മിന്നും നേട്ടങ്ങളുടെ ആദ്യ അവകാശികൾ വനിതകൾ
“മത്സരത്തിന്റെ മൂന്ന് ദിവസം മുമ്പ് വരെയും ആർക്കും അറിയില്ലായിരുന്നു സെമിയിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമെന്ന്. എന്നാൽ എല്ലാം സംഭവിച്ചത് 72 മണിക്കൂറിനുള്ളിലാണ്. ഛണ്ഡിഘട്ടിലാണെങ്കിൽ ധാരാളം ഫൈവ് സ്റ്റാർ ഹോട്ടലുകളുമില്ല. ഇന്ത്യ-പാക് പോരാട്ടമാണ് എന്നറിഞ്ഞതും ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽ നിന്നുമെല്ലാം വരെ ആളുകൾ ടിക്കറ്റ് ഉറപ്പില്ലാഞ്ഞിട്ടും പറന്നെത്തി,” നെഹ്റ പറഞ്ഞു.
താരങ്ങൾ താജിലായിരുന്നു താമസം. പിന്നെയുള്ളത് ഒരു മൗണ്ട് വ്യൂ ഹോട്ടലാണ്. ഒരു ദിവസം അവിടെ താമസിച്ചിരുന്ന ഗസ്റ്റുകളെല്ലാം പുറത്ത് പോയി വരുമ്പോൾ അവരുടെ ലഗ്ഗേജെല്ലാം പാക്ക് ചെയ്ത് റൂമിന് പുറത്ത് വച്ചിരിക്കുന്നതാണ് കാണുന്നത്. കാരണം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും സംഘവും ആ ഹോട്ടലിലെ എല്ലാ റൂമുകളും ബുക്ക് ചെയ്തുവെന്നും അവരുടെ പണം തിരിച്ച് നൽകുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു. ഇന്ത്യൻ സെലക്ടർ ക്രിസ് ശ്രീകാന്തിനുൾപ്പടെ റൂം കിട്ടാത്ത സാഹചര്യമായിരുന്നെന്നും നെഹ്റ ഓർത്തെടുത്തു,
“ടിക്കറ്റ് പോലും ഇല്ലാതെ നൂറുകണക്കിന് ആളുകൾ പുറത്ത് നിൽക്കുമ്പോൾ ഞാൻ ശരിക്കും ഭാഗ്യവാനായിരുന്നു. കാരണം എനിക്ക് കുറച്ച് ടിക്കറ്റുകൾ പാക്കിസ്ഥാൻ ക്യംപിൽ നിന്നും ലഭിച്ചു. ഷാഹിദ് അഫ്രീദിയോടാണ് എനിക്ക് രണ്ട് ടിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടത്. അധികം വൈകാതെ തന്നെ ഷൊയ്ബ് അക്തറിൽ നിന്ന് ടിക്കറ്റ് വാങ്ങാനും സാധിച്ചു.” നെഹ്റ പറഞ്ഞു.
അതേസമയം ടിക്കറ്റ് നൽകി സഹായിച്ചവരോട് മൈതാനത്ത് ഒരു മയവും നെഹ്റയ്ക്കുണ്ടായില്ല. 33 റൺസ് മാത്രം വഴങ്ങി രണ്ട് പാക് താരങ്ങളെ പുറത്താക്കുകയും ചെയ്ത നെഹ്റ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യ ഉയർത്തിയ 260 റൺസെന്ന സ്കോർ പിന്തുടർന്ന പാക്കിസ്ഥാൻ 231പുറത്തായി.