ബ്രിസ്ബെയ്നിൽ ഇന്ത്യ ഐതിഹാസിക ജയം നേടിയതിൽ റിഷഭ് പന്തിന് അഭിമാനിക്കാം. ആയിരക്കണക്കിന് ഇന്ത്യൻ ആരാധകരുടെ സ്വപ്നമാണ് പന്ത് സാക്ഷാത്കരിച്ചത്. ഗാബയിൽ ഇന്ത്യൻ ജയമെന്ന ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് കളിക്കുകയായിരുന്നു പന്ത്. ഭയമില്ലാതെ ഓസീസ് ബോളർമാർക്കു മുന്നിൽനിന്നു പൊരുതി പന്ത് ഒടുവിൽ ഇന്ത്യയെ വിജയ തീരത്തിലെത്തിച്ചു.

ഓസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോറിനെ മറികടന്നാണ് ഇന്ത്യ ചരിത്ര ജയം നേടിയത്. മത്സരത്തിൽ മൂന്നു വിക്കറ്റിനായിരുന്നു ജയം. മത്സരത്തിൽ 89 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. അവസാന പന്ത് ഫോറടിച്ചാണ് പന്ത് ഇന്ത്യയെ വിജയതീരത്തിലേക്കെത്തിച്ചത്. 138 പന്തിൽ ഒൻപതു ഫോറും ഒരു സിക്സും അടക്കമാണ് പന്ത് 89 റൺസ് നേടിയത്.

നാലാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതിനോടൊപ്പം സ്കോർ പിന്തുടർന്ന് ജയിക്കുക എന്ന ഉത്തരവാദിത്തം കൂടിയാകുമ്പോൾ സമ്മർദം കൂടും. പക്ഷേ നിർണായകമായൊരു ഘട്ടത്തിൽ സമ്മർദത്തെ അതിജീവിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയാണ് പന്ത് ചെയ്തത്.

Read More: ഇന്ത്യയ്ക്ക് ഐതിഹാസിക ജയം, ഓസ്ട്രേലിയയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചു

ഇന്ത്യൻ സ്കോർ 167/3 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പന്ത് ക്രീസിലേക്ക് എത്തുന്നത്. ഇന്ത്യയ്ക്ക് ഏറെ നിർണായകമായൊരു സമയം. പക്ഷേ ഓസീസ് ബോളർമാർക്കുമുന്നിൽ പന്ത് ഭയമില്ലാതെ ബാറ്റു വീശി. വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോർനില ഉയർത്താൻ ശ്രമിച്ചു.

അവസാന സെഷനിൽ പാറ്റ് കമ്മിൻസിന്റെയും ജോഷ് ഹാസിൽവുഡിന്റെയും ബോളുകളെ പരിചയ സമ്പന്നനായ കളിക്കാരനെ പോലെ നേരിട്ടു. ഓഫ് സ്പിന്നർ നഥാൻ ലിയോൺ പന്തിനുമേൽ സമ്മർദം ചെലുത്താൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. ഓസീസ് ബോളർമാർക്കു മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുംവരെ പന്ത് പൊരുതി.

പന്തും നാലാം ഇന്നിങ്സും തമ്മിൽ അഗാധമായൊരു ബന്ധമുണ്ടെന്ന് തോന്നുന്നു. പന്തിന്റെ ടെസ്റ്റിലെ ആദ്യ സെഞ്ചുറി നേട്ടം നാലാം ഇന്നിങ്സിലായിരുന്നു. ഓവലിൽ ഇംഗ്ലണ്ടിനെതിരെ മത്സരത്തിലായിരുന്നു സെഞ്ചുറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook