2001ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടെസ്റ്റില്‍ തന്റെ എക്കാലത്തേയും മികച്ച പ്രകടനത്തിന് പിറകിലെ കഥ വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഈഡന്‍ ഗാര്‍ഡനിലെ ചരിത്ര മത്സരത്തില്‍ 181 റണ്‍സാണ് ദ്രാവിഡ് നേടിയത്. അന്ന് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് ദ്രാവിഡ് വെളിപ്പെടുത്തിയത്.

തകര്‍ന്നു തരിപ്പണമായ സാഹചര്യത്തിലാണ് ദ്രാവിദ് ക്രീസിലേക്ക് എത്തിയത്. കൂടുതല്‍ സമ്മര്‍ദ്ദത്തിന് വഴി വെക്കാനായി സ്റ്റീവ് വോ ദ്രാവിഡിനെ സമീപിക്കുകയായിരുന്നു. പരമ്പരയില്‍ അതുവരെ വളരെ മോശം പ്രകടനം കാഴ്ച്ച വെച്ച ദ്രാവിഡിനെ പ്രോകോപിപ്പിക്കുകയായിരുന്നു ഓസ്ട്രേലിയന്‍ നായകന്റെ ലക്ഷ്യം. ‘ടെസ്റ്റ് മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലും നമ്മള്‍ തകര്‍ച്ച നേരിട്ടു. വ്യക്തിപരമായി എന്റെ ഫോമും ഔട്ടായ അവസ്ഥയായിരുന്നു. ബോംബെയിലെ ടെസ്റ്റില്‍ റണ്‍സൊന്നും നേടാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ ഇന്നിംഗ്സിലും ഞാന്‍ റണ്‍സ് നേടിയില്ല. അത്കൊണ്ട് തന്നെ ഈഡന്‍ ഗാര്‍ഡനില്‍ ആറാമനായാണ് ഞാന്‍ ഇറങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനായി വന്നപ്പോഴാണ് സ്റ്റീവ് വോ എന്നെ സമീപിച്ച് ഇങ്ങനെയാണ് പറഞ്ഞത്, രാഹുല്‍ ഇത്തവണ ആറാം സ്ഥാനത്താണോ ഇറങ്ങുന്നത്? അപ്പോള്‍ അടുത്ത തവണ പന്ത്രണ്ടാമനായി ആണോ ഇറങ്ങുക?’ ദ്രാവിഡ് പറഞ്ഞു.

എന്നാല്‍ സ്റ്റീവ് വോ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ എങ്ങനെയാണ് ഇതിനെ മറികടന്നതെന്നും രാഹുല്‍ വെളിപ്പെടുത്തി. ‘ഇത് കേട്ടപ്പോള്‍ ക്രിസീല്‍ ആകെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഞാന്‍. സ്റ്റീവ് വോയോട് മറുത്തൊന്നും മിണ്ടിയില്ല. പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തിയാണ് ക്രിക്കറ്റ്. പറ്റുന്നത്രയും പന്ത് നേരിടണം എന്നായിരുന്നു അപ്പോള്‍ എന്റെ ചിന്ത. ഇനി ഒരു പന്ത് കൂടി നേരിടണം, ഇനിയുമൊന്ന് കൂടി നേരിടണം എന്നായിരുന്നു ഓരോ തവണയും ഞാന്‍ ചിന്തിച്ചിരുന്നത്’, ദ്രാവിഡ് പറഞ്ഞു.

2001ലെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച തിരിച്ചുവരവായാണ് കണക്കാക്കപ്പെടുന്നത്. ഫോളോ ഓണ്‍ വഴങ്ങിയ ടീമാണ് കരുത്തരായ ഓസീസിനെ തകര്‍ത്തത്. രാഹുലിന്റെ 181 റണ്‍സും വിവിഎസ് ലക്ഷ്മണിന്റെ 281 റണ്‍സും ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ