Latest News

കോഹ്ലിക്ക് ധോണി നല്‍കിയ ഉപദേശം എങ്ങനെ റിഷഭ് പന്തിന് സഹായകരമാകും

രണ്ടാം ടെസ്റ്റില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് പന്ത് പുറത്തായതിന് പിന്നാലെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു

Virat Kohli, MS Dhoni

ന്യൂഡല്‍ഹി. വിക്കറ്റ് കീപ്പര്‍ ബാറ്ററിനെ പരുവപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ടീം ഇന്ത്യ. നായകന്‍ വിരാട് കോഹ്ലി റിഷഭ് പന്തിന് ഒരു സന്ദേശവും നല്‍കി. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കഴിവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീണ്ട കരിയറിന് വഴിയൊരുക്കും, പന്തിനെക്കുറിച്ച് സംസാരിക്കവെ മുന്‍ നായകന്‍ എം.എസ്. ധോണി നല്‍കിയ ഉപദേശത്തെക്കുറിച്ച് കോഹ്ലി പറഞ്ഞു.

“കരിയറിന്റെ തുടക്കത്തില്‍ എം.എസ്. ധോണി എനിക്കൊരു മികച്ച ഉപദേശം നല്‍കി. ഒരു തെറ്റിനും മറ്റൊരു തെറ്റും തമ്മില്‍ ഏഴ് മുതല്‍ എട്ട് മാസം വരെ ഇടവേളയുണ്ടായിരിക്കണം. എങ്കില്‍ മാത്രമെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീണ്ട കരിയറുണ്ടാകുകയുള്ളു. ഇത് എന്റെ മനസില്‍ പതിഞ്ഞു. തെറ്റുകള്‍ ആവര്‍ത്തിക്കില്ല. ഇത് തന്നെ റിഷഭ് പന്തും പിന്തുടരും, അവന്‍ മെച്ചപ്പെടും. സുപ്രധാന ഘട്ടങ്ങളില്‍ എങ്ങനെ മികവ് പുലര്‍ത്തണമെന്ന് അയാള്‍ ഉറപ്പ് വരുത്തും,” കോഹ്ലി പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ കഗീസോ റബാഡയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്നായിരുന്നു പന്ത് പുറത്തായത്. പിന്നാലെ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയും മത്സരത്തില്‍ കാര്യമായ വിജയലക്ഷ്യം ഉയര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്തിരുന്നു. കമന്ററി ബോക്സിലിരുന്ന് മുന്‍താരം സുനില്‍ ഗവാസ്കര്‍ പന്തിനെ വിമര്‍ശിക്കുകയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് പന്തിന് ഉപദേശം നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

24 കാരനായ പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും താരം തന്റെ പിഴവുകള്‍ ആവര്‍ത്തിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ ദയനീയ പുറത്താകലിന് പിന്നാലെ ടീം മാനേജ്മെന്റ് താരവുമായി സംസാരിച്ചതായാണ് ലഭിക്കുന്ന വിവരം.

“പരിശീലനത്തിനിടെ റിഷഭുമായി ഞങ്ങള്‍ സംസാരിച്ചു. ഷോട്ട് കളിച്ച് ഒരു ബാറ്റര്‍ പുറത്താകുമ്പോള്‍ അയാള്‍ക്ക് തന്നെ അറിയാം ശരിയായ ഷോട്ടാണോ കളിച്ചതെന്ന്. ഉത്തരവാദിത്വം വ്യക്തികള്‍ അംഗീകരിക്കുന്നത് തന്നെ മുന്നോട്ട് പോകുന്നതിന്റെ സൂചനയാണ്. നമ്മളെല്ലാവരും കരിയറില്‍ പിഴവുകള്‍ വരുത്തിയിട്ടുള്ളവരാണ്. എന്നാല്‍ തെറ്റുകള്‍ മനസിലാക്കുക എന്നതാണ് പ്രധാനം. തെറ്റുകള്‍ മനസിലാക്കുകയും അത് തിരുത്തുകയും ആവര്‍ത്തിക്കാതെ ഇരിക്കുകയും ചെയ്യുമ്പോള്‍ മുന്നേറാന്‍ കഴിയും,” കോഹ്ലി വ്യക്തമാക്കി.

മറുവശത്ത് ബാറ്റിങ് ലൈനപ്പില്‍ മധ്യനിരയിലേക്കെത്തിയാല്‍ രണ്ടാം ടെസ്റ്റില്‍ നേടിയ അര്‍ദ്ധ സെഞ്ചുറികള്‍ ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനയ്ക്കും ആശ്വാസകരമാകും. അതുകൊണ്ട് തന്നെ ഹനുമ വിഹാരിയായിരിക്കും വിരാട് കോഹ്ലിക്കായി വഴിമാറിക്കൊടുക്കു. എങ്കിലും മധ്യനിര ആശങ്കാവഹം തന്നെയാണ്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വിഹാരി എന്നീ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്.

“അവസാന ടെസ്റ്റ് പരിശോധിച്ചാൽ, രണ്ടാം ഇന്നിങ്സില്‍ ജിങ്ക്‌സും (രഹാനെ) പൂജാരയും ബാറ്റ് ചെയ്ത രീതി, അവരുടെ പരിചയസമ്പത്ത് നമുക്ക് അമൂല്യമാണ്. പ്രത്യേകിച്ചും ഇതുപോലുള്ള പരമ്പരകളിൽ, ഇവർ പണ്ട് എത്തരത്തിലാണ് മികവ് പുലര്‍ത്തിയതെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ വിദേശത്ത് കളിക്കുമ്പോൾ, കഠിനമായ സാഹചര്യങ്ങളിൽ ഇരുവരും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നാം അത് കണ്ടതാണ്,” കോഹ്ലി പറഞ്ഞു.

Also Read: മൂന്നാം ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ, കോഹ്ലിയിൽ പ്രതീക്ഷ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: How ms dhonis advice to virat kohli could help pants performance

The moderation of comments is automated and not cleared manually by malayalam.indianexpress.com