ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പർ കിങ്സ് സീസൺ അവസാനിപ്പിച്ചത്. ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്തായപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ഐപിഎല്ലിൽ തല കുനിച്ച് എംഎസ് ധോണിക്കും നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

എന്നാൽ യുവതാരങ്ങളെ സംബന്ധിച്ചടുത്തോളം എംഎസ് ധോണി എന്ന നായകൻ എപ്പോഴും അവർക്കായി ഓരോ മത്സരത്തിന് ശേഷവും മൈതാനത്തുണ്ടായിരുന്നു. ക്രിക്കറ്റിലെ പല പാഠങ്ങളും ധോണി അവർക്കായി പകർന്നു നൽകി. വളർച്ചയ്ക്ക് ആവശ്യമായ ഓരോ ടിപ്പുകളും അവർ ധോണിയിൽ നിന്നും സ്വീകരിച്ചു. അത്തരത്തിൽ ധോണിയുടെ വാക്കുകൾ വലിയ രീതിയിൽ സ്വാധീനിച്ച ഒരു യുവതാരമാണ് ചെന്നൈയുടെ തന്നെ റുതുരാജ് ഗയ്ക്വാദ്.

സീസണിന്റെ അവസാന ഘട്ടത്തിൽ ആശ്വാസ ജയങ്ങൾ എന്നപോലെ ചെന്നൈയുടെ മഞ്ഞപ്പട സ്വന്തമാക്കിയ പല വിജയങ്ങളിലും ബാറ്റുകൊണ്ട് തന്റെ പങ്ക് അടയാളപ്പെടുത്തിയ താരമാണ് റുതുരാജ്. 23കാരനായ റുതുരാജ് മൂന്ന് അർധസെഞ്ചുറികളാണ് ഐപിഎല്ലിൽ കുറിച്ചത്. ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും പഞ്ചാബിനുമെതിരായ ആ അർധസെഞ്ചുറികൾ ടീമിന് വിജയമൊരുക്കുകയും ചെയ്തു. എന്നാൽ അമിത സമ്മർദ്ദത്തിന്റെ ഫലമായിരിക്കാം ആദ്യ മത്സരത്തിൽ അക്കൗണ്ടുപോലും തുറക്കാതെയാണ് താരം പുറത്തായത്. അതേസമയം താരത്തിന്റെ ശക്തമായ തിരിച്ചുവരവിന് കാരണമായത് എംഎസ് ധോണിയുടെ യുവതാരങ്ങളെ പിന്തുണയ്ക്കാനും വളർത്തിക്കൊണ്ടു വരാനുമുള്ള കഴിവാണെന്ന് ഗയ്ക്വാദ് തന്നെ പറയുന്നു.

“മുംബൈക്കെതിരായ മത്സരത്തിൽ ഞങ്ങൾ നേരിടാൻ പോകുന്ന വെല്ലുവിളികളെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. ബോൾട്ടും ബുംറയും പാറ്റിൻസണും അടങ്ങുന്ന ലോകോത്തര ബോളിങ് നിരയെ നേരിടാനും സജ്ജമായിരുന്നു. എന്നാൽ എന്റെ പുറത്താകൽ ടീമിനെ തന്നെ ബാധിച്ചു. അവിടെ നിന്ന് ഒരു തിരിച്ചുവരവ് ഇല്ലാത്ത പോലെ. ന്യൂ ബോളിൽ പുറത്തായതിന് ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി.”

“ധോണി എന്റെ അടുത്തേക്ക് നടന്നു, എനിക്ക് സമ്മർദ്ദമുണ്ടോ എന്ന് ചോദിച്ചു. എന്നെ സമ്മർദ്ദത്തിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ എന്നിൽ അവർക്ക് പ്രതീക്ഷയുണ്ടെന്നും പറഞ്ഞു. റൺ സ്കോർ ചെയ്താലും ഇല്ലെങ്കിലും അടുത്ത മൂന്ന് മത്സരവും ഞാൻ കളിക്കുമെന്നും പ്രകടനത്തെ കുറിച്ച് ചിന്തിക്കാതെ കളി ആസ്വാദിക്കാനും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ”

ആ സംസാരത്തിന് ശേഷം തന്റെ ചിന്ത മാറിയെന്ന് ഗയ്ക്വാദ് പറയുന്നു. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ആ സാഹചര്യത്തിൽ ടീമന് എങ്ങനെ സംഭാവന ചെയ്യാമെന്ന് മാത്രമാണ് ഞാൻ ആലോചിച്ചത്. ക്യാപ്റ്റൻ എന്റെ മനസ്സിന്റെ ചട്ടക്കൂട് തിരിച്ചറിഞ്ഞു, എന്റെ ചിന്താപ്രക്രിയയിൽ മാറ്റം വരുത്തിയെന്നും ഗയ്ക്വാദ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook