കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗും ആഗോളതലത്തിലുള്ള കായിക മത്സരങ്ങളും റദ്ദാക്കുകയും മാറ്റിവയ്ക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിനെ തുടർന്ന് ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ. ചൈനക്കാർ എന്തിനേയും ഏതിനേയും ഭക്ഷിക്കുന്നവരാണെന്ന് അക്തർ പറഞ്ഞു.

തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിൽ തനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടെന്നും ചൈനീസ് ജനത ലോകത്തെ അപകടത്തിലാക്കുന്നുവെന്നും അക്തർ പറഞ്ഞു. “നിങ്ങൾ എന്തിനാണ് വവ്വാലുകളെ ഭക്ഷിക്കുന്നത്. അവരുടെ രക്തവും മൂത്രവും കുടിച്ച് ലോകമെമ്പാടും വൈറസ് പടർത്തുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ സംസാരിക്കുന്നത് ചൈനീസ് ജനതയെക്കുറിച്ചാണ്. അവർ ലോകത്തെ അപകടത്തിലാക്കി. നിങ്ങൾ എങ്ങനെയാണ് വവ്വാലുകൾ, നായ്ക്കൾ, പൂച്ചകൾ എന്നിവയെ ഭക്ഷിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല. എനിക്ക് ശരിക്കും ദേഷ്യം തോന്നുന്നു,” അക്തർ പറഞ്ഞു.

Read More: കോവിഡ് 19: സസ്യാഹാരം കഴിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല

ചൈനയിൽ 80,824 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ പാക്കിസ്ഥാനിൽ 30 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ 107 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു.

“ഞാൻ ചൈനയിലെ ജനങ്ങൾക്ക് എതിരല്ല, പക്ഷെ അവിടുത്തെ മൃഗങ്ങളുടെ നിയമത്തിന് എതിരാണ്. ഇത് നിങ്ങളുടെ സംസ്കാരമായിരിക്കാമെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ ഇപ്പോൾ ഇത് നിങ്ങൾക്ക് പ്രയോജനം ചെയ്യുന്നില്ല. ഇത് മനുഷ്യരാശിയെ കൊല്ലുകയാണ്. നിങ്ങൾ ചൈനക്കാരെ ബഹിഷ്കരിക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ചില നിയമങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾക്ക് തോന്നിയതു പോലെ എന്തും കഴിക്കാൻ പറ്റില്ല,”അക്തർ കൂട്ടിച്ചേർത്തു.

തന്റെ ദേഷ്യത്തിന്റെ ഏറ്റവും വലിയ കാരണം പിഎസ്എല്ലിൽ വന്ന നിയന്ത്രണങ്ങളാണെന്നും അക്തർ പറയുന്നു.
“വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാനിലേക്ക് ക്രിക്കറ്റ് മടങ്ങിവന്നത്. ഏറ്റവും അപകടകരമായ ഘട്ടത്തിൽ പോലും പിഎസ്എൽ നടത്തുകയാണ്. വിദേശത്തുനിന്നുള്ള കളിക്കാരെല്ലാം തിരിച്ചുപോകുന്നു. ഗ്യാലറി അടച്ചിട്ടാണ് പിഎസ്എൽ നടത്തുന്നത്.”

“ഏപ്രിൽ 15 വരെ ഐ‌പി‌എൽ മാറ്റിവച്ചിട്ടുണ്ടെന്നും ഞാൻ കേട്ടു. ഹോട്ടൽ വ്യവസായങ്ങൾ, യാത്രാ വ്യവസായങ്ങൾ, പ്രക്ഷേപകർ എല്ലാവർക്കും നഷ്ടം സംഭവിക്കും. വൈറസ് ഇന്ത്യയിലെത്തുന്നത് ദൈവം തടയട്ടെ. അവിടെ 130 കോടി ജനങ്ങളുണ്ട്. ഞാൻ ഇന്ത്യയിലെ എന്റെ ചങ്ങാതിമാരുമായി ബന്ധപ്പെടുകയും അവർക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു,” അക്തർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook