ചെന്നൈ: മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്സ് നായകനുമായ എം.എസ്.ധോണിയ്ക്കുള്ള ആരാധക പിന്തുണ പറയേണ്ടതില്ലല്ലോ. ഇന്ന് ഇന്ത്യയില്‍ ധോണിയോളം വലിയൊരു ക്രൗഡ് പുള്ളര്‍ ഉണ്ടെന്ന് തോന്നുന്നില്ല. താരത്തിന്റെ കളികാണാനായി എന്തും ചെയ്യാന്‍ ആരാധകര്‍ തയ്യാറാണ്. അത്തരക്കാരില്‍ ഒരാളാണ് പത്താം ക്ലാസുകാരനായ സൗരവ് കുമാര്‍.

ഐപിഎല്ലിലെ ആദ്യ മൽസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ തന്റെ പ്രിയ താരം ധോണിയെ കാണാന്‍ സൗരവ് കണ്ടെത്തിയ മാർഗം ഒരല്‍പ്പം കടന്നു പോയി. തന്റെ കിഡ്‌നാപ്പിങ് സൃഷ്ടിച്ചായിരുന്നു പത്താം ക്ലാസുകാരന്‍ കളി കാണാന്‍ പോയത്. രാംഗഡ് സ്വദേശിയാണ് സൗരവ്. കളികാണാന്‍ പോകാന്‍ വീട്ടുകാര്‍ അനുവദിക്കില്ലെന്ന് കണ്ട സൗരവ് സ്വന്തം തട്ടിക്കൊണ്ട് പോക്ക് നാടകം കളിക്കുകയായിരുന്നു.

ഏപ്രില്‍ അഞ്ചാം തീയതിയാണ് സൗരവിനെ കാണാതാവുന്നത്. പിന്നാലെ വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടര്‍ രാസറാപ്പ അമ്പലത്തിന് അടുത്തുള്ള വനത്തോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ പിതാവ് അശോക് സോ പൊലീസില്‍ ബന്ധപ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സൗരവ് മുംബൈയില്‍ എത്തിയതായി പൊലീസിന് വ്യക്തമായി.

മുംബൈയിലെത്തി സൗരവിനെ കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ സത്യം പുറത്തായത്. തട്ടിക്കൊണ്ടു പോകല്‍ നാടകമായിരുന്നുവെന്നു സൗരവ് പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ ധോണിയെ കാണാനുള്ള ആഗ്രഹമായിരുന്നു പത്താം ക്ലാസുകാരന്റെ നാടകത്തിന് പിന്നില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ