ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് പാക്കിസ്ഥാന്‍ കഴിഞ്ഞിട്ടേയുള്ളൂ മറ്റേത് ടീമും എന്നതില്‍ സംശയമില്ല. അതിപ്പൊ സീനിയര്‍ ടീമായാലോ കൗമാരക്കാരായാലോ ഒന്നും വ്യത്യാസമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ജനുവരി 30ന് ഉണര്‍ന്നത് തങ്ങളുടെ അണ്ടര്‍ 19 ടീം പാക്കിസ്ഥാനെ 203 റണ്‍സിന് തോല്‍പ്പിച്ചു എന്ന വാര്‍ത്തയുമറിഞ്ഞുകൊണ്ടാണ്. ലോകകപ്പ് സെമി ഫൈനല്‍ മൽസരത്തിലാണ് ഈ വിജയം നേടിയത് എന്നത് മധുരം ഇരട്ടിക്കുന്നു.

വലിയൊരു കൂട്ടം ഇന്ത്യന്‍ ആരാധകര്‍ തന്നെയാണ് ന്യൂസിലന്‍ഡില്‍ നടന്ന ഈ കളി കാണാനായി എത്തിയത്. ചിരവൈരികളായ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും കളി കാണാന്‍ അവിടെയെത്തിയ നവദമ്പതികളാണ് ഇപ്പോള്‍ ട്വിറ്ററില്‍ താരങ്ങളായിക്കൊണ്ടിരിക്കുന്നത്. ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ അക്കൗണ്ടില്‍ നിന്ന് തന്നെയാണ് ഇവരുടെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

“ഞങ്ങള്‍ ഹണിമൂണിലാണ്. പക്ഷെ ക്രിക്കറ്റാണ് ആദ്യ പ്രണയം” എന്ന പോസ്റ്റര്‍ ഉയര്‍ത്തികൊണ്ടായിരുന്നു ഇരുവരുടേയും ചിത്രം. ഇന്ത്യന്‍ കൗമാര ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്‍റെ ആരാധകര്‍ കൂടിയാണ് ഈ ദമ്പതികള്‍. വെള്ള ടീ ഷര്‍ട്ട് ധരിച്ച ഇരുവരും പിന്‍വശത്ത് ദ്രാവിഡ് അണ്ടര്‍ 19 എന്നും എഴുതിയിട്ടുണ്ട്.

പാക്കിസ്ഥാനെ 203 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യന്‍ ടീം കളിക്ക് ശേഷം തങ്ങള്‍ക്ക് വേണ്ടി ഹര്‍ഷാരവം മുഴക്കിയ ആരാധകരോടൊപ്പം ആഘോഷിക്കുകയും സെല്‍ഫിയുമെടുക്കുകയും ചെയ്തു.

102 റണ്‍സിന് ഔട്ടാവാതിരുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭം ഗില്ലാണ് കളിയിലെ താരം. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ശുഭം അര്‍ദ്ധശതകം പിന്നിടുന്നത്. ഫെബ്രുവരി മൂന്നാം തീയതി നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ലോകകപ്പ് ഫൈനലില്‍ ആറ് തവണ എത്തിയ ഒരേയൊരു ടീം എന്ന റെക്കോർഡും ഇനി ഇന്ത്യയ്ക്ക് സ്വന്തം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ