ന്യൂഡല്‍ഹി: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ മത്സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. അമിത് രോഹിദാസ്, ഹാര്‍ദിക് സിങ് എന്നിവരാണ് ഗോള്‍ സ്കോര്‍ ചെയ്തത്.
തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമായിരുന്നു പുറത്തെടുത്തത്. സ്പാനിഷ് പ്രതിരോധം പലതവണ ഉലഞ്ഞു. ആദ്യ ഗോള്‍ വീഴാന്‍ കാത്തിരിക്കേണ്ടി വന്നത് 13 മിനുറ്റുകള്‍. പെനാലിറ്റി കോര്‍ണറില്‍ നിന്ന് അമിതാണ് ലക്ഷ്യം കണ്ടത്.
രണ്ടാം ക്വാര്‍ട്ടറില്‍ സ്പെയിന്‍ തിരിച്ചടിക്കായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വൈകാതെ തന്നെ ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ച നിമഷത്തില്‍ ഇന്ത്യയുടെ രക്ഷകനായി ഗോളി കൃഷ്ണ പതക്. ഇടതു വശത്തു കൂടെയുള്ള മുന്നേറ്റം ഗോളില്‍ അവസാനിപ്പിച്ച് ഹാര്‍ദിക് ലീഡ് രണ്ടാക്കി.
രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷവും സ്പെയിന് അവസരം ഒരുങ്ങിയെങ്കിലും ആല്‍വാരൊ ഇഗ്ലേഷ്യസ് നഷ്ടപ്പെടുത്തി. ക്വാര്‍ട്ടര്‍ മൂന്നില്‍ ഇന്ത്യയുടെ മേല്‍ക്കൈ കണ്ടു. നിരവധി തവണ പെനാലിറ്റി കോര്‍ണര്‍ നേടിയെങ്കിലും ഗോള്‍ പിറന്നില്ല.
അവസാന ക്വാര്‍ട്ടറില്‍ സ്പെയിന്‍ ഇന്ത്യന്‍ പ്രതിരോധത്തെ കബളിപ്പിച്ച് പെനാലിറ്റി കോര്‍ണര്‍ നേടി. പക്ഷെ ഗോളെന്ന ലക്ഷ്യം അകന്നു നില്‍ക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് പോയിന്റുമായി പൂള്‍ ഡിയില്‍ ഇന്ത്യ രണ്ടാമതെത്തി. വെയില്‍സിനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്.