ഭുവനേശ്വര്‍: ഇന്ത്യന്‍ മണ്ണിലെത്തിയ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത്. സിമ്രന്‍ജീത് സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. 43,46 മിനുറ്റുകളിലായിരുന്നു സിമ്രന്‍ജീത്തിന്റെ ഗോളുകള്‍ പിറന്നത്.

മന്‍ദീപ് സിങ് (9), ആകാശ്ദീപ് സിങ് (12), ലളിത് ഉപാധ്യായ (45) എന്നിവരും ഇന്ത്യക്ക് വേണ്ടി വലകുലുക്കി. ലോക റാങ്കിങില്‍ അഞ്ചാമതുള്ള ഇന്ത്യയും പത്ത് സ്ഥാനം പിന്നിലായി പതിനഞ്ചാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടായിരുന്നു.

ഇന്ത്യ കളം നിറഞ്ഞ് കളിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പരാജിതരായി മടങ്ങേണ്ടി വരികയായിരുന്നു. ഗോള്‍ പോസ്റ്റിന് മുന്നില്‍ ടീമിലെ ഏക മലയാളിയും മുന്‍ നായകനുമായി പിആര്‍ ശ്രീജേഷ് വല വിരിച്ച് നിന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഗോള്‍ സ്വപ്‌നം മാത്രമായി അവശേഷിക്കുകയായിരുന്നു.

ഞായറാഴ്ച കരുത്തരായ ബല്‍ജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. നേരത്തെ, ഉദ്ഘാടന മല്‍സരത്തില്‍ ബല്‍ജിയം കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook