ഫുട്ബോൾ ലീഗുകൾ തീർക്കുന്ന ആവേശങ്ങൾ രാജ്യത്ത് തുടരുന്നതിനിടയിൽ പുരുഷ ഹോക്കി ലോകകപ്പും ഇന്ത്യൻ മണ്ണിൽ വിരുന്നെത്തുന്നു. നാളെ ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകും. ലോകകപ്പിന്റെ പതിനാലാം പതിപ്പിനാണ് ഇന്ത്യ അതിഥേയത്വം വഹിക്കുന്നത്.

നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനാണ് ഇന്ത്യ ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങുന്നത്. സ്വന്തം നാട്ടിൽ നടക്കുന്ന പോരാട്ടത്തിൽ കിരീടത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല.

1975 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് കിരീടം ഉയർത്തുന്നത്. അതിന് ശേഷം പിന്നീട് ഒരിക്കലും സെമിയിൽ പോലും എത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 1982 ൽ നടന്ന ലോകകപ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് അത് കഴിഞ്ഞുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പിന് അതിഥേയത്വം വഹിക്കുന്നത്. 1982ൽ ബോംബെയിലും 2010ൽ ഡൽഹിയിലും ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.

16 ടീമുകളാണ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. നാല് ടീമുകള്‍ വീതമുള്ള 4 ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുക. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. ലോക റാങ്കിങ്ങില്‍ അ‍ഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്രൂപ്പിൽ കരുത്തരായ ബെല്‍ജിയം, കാനഡ എന്നീ ടീമുകൾക്ക് പുറമെ, ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്നു.

മലയാളി ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന് പകരം മൻപ്രീത് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. നായകസ്ഥാനത്ത് ഇല്ലെങ്കിലും ഗോൾ വലയ്ക്ക് മുന്നിൽ ശക്തമായ കാവൽ ഒരുക്കേണ്ട ഉത്തരവാദിത്വം ശ്രീജേഷിനാകും. എഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇത് വലിയ പ്രതീക്ഷ നൽകുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook