ന്യൂഡൽഹി: 1964 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ചരൺജിത് സിംഗ് അന്തരിച്ചു. ദീർഘകാലമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ഹിമാചൽ പ്രദേശിലെ ഉനയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.
അഞ്ച് വർഷം മുമ്പ് ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹം തളർന്നു പോയിരുന്നു. “അഞ്ച് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് അച്ഛൻ തളർന്നു. അദ്ദേഹം വടിയുമായി നടക്കാറുണ്ടായിരുന്നു, എന്നാൽ കഴിഞ്ഞ രണ്ട് മാസം മുൻപ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായി, ഇന്ന് രാവിലെ അദ്ദേഹം ഞങ്ങളെ വിട്ടുപോയി,” അദ്ദേഹത്തിന്റെ മകൻ വി പി സിങ് പിടിഐയോട് പറഞ്ഞു.
1964 ൽ ഒളിമ്പിക്‌സ് സ്വർണം നേടിയ ടീമിന്റെ ക്യാപ്റ്റനെന്നതിന് പുറമെ, 1960 ലെ ഗെയിംസിൽ വെള്ളി നേടിയ ടീമിന്റെ ഭാഗവുമായിരുന്നു അദ്ദേഹം. 1962ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.
ചരൺജിത് സിങ്ങിന് മൂന്ന് മക്കളാണ് ഉള്ളത്. ഭാര്യ പന്ത്രണ്ട് വർഷം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് ഉനയിൽ നടക്കും.