ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന് ഏഷ്യ കപ്പ് ഹോക്കി ടൂർണ്ണമെന്റും നഷ്ടമാകും. അദ്ദേഹത്തിന് അഅഞ്ച് മാസം കൂടി വിശ്രമം വിധിച്ച സാഹചര്യത്തിലാണിത്. മുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ഇന്ത്യൻ ടീം സ്ഥിരം ക്യാപ്റ്റനായ പി.ആർ.ശ്രീജേഷിന് വിശ്രമം വിധിച്ചത്.

ലിഗ്മെന്റിനേറ്റ പരിക്കിനെ തുടർന്ന് ഈ മാസം ആദ്യം ശ്രീജേഷിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതേ തുടർന്ന് ഹോക്കി വേൾഡ് ലീഗിന്റെ സൈമിഫൈനൽ മത്സരങ്ങളും താരത്തിന് നഷ്ടമായി. ശസ്ത്രക്രിയയ്ക്ക് ശേഷമാണ് അഞ്ച് മാസം സമ്പൂർണ്ണ വിശ്രമം താരത്തിന് വിധിച്ചത്. മെയിൽ നടന്ന സുൽത്താൻ അസ്ലൻ ഷാ കപ്പിനിടെയാണ് തരത്തിന് പരിക്കേറ്റത്.

ഹോക്കി ഇന്ത്യ ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണാണ് പി.ആർ.ശ്രീജേഷിന് അഞ്ച് മാസം കൂടി വിശ്രമം ആവശ്യമാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഭുവനേശ്വറിൽ ഈ വർഷം അവസാനം നടക്കുന്ന ഹോക്കി വേൾഡ് ലീഗ് ഫൈനലിൽ ടീമിന്റെ നായകനായി താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീജേഷിന് തീർച്ചയായും ഏഷ്യ കപ്പ് കളിക്കാൻ സാധിക്കില്ല. പക്ഷെ കൂടുതൽ പ്രാധാന്യമുള്ള ഹോക്കി വേൾഡ് ലീഗ് ഫൈനലിന് മുൻപ് അദ്ദേഹത്തെ പൂർണ്ണ ആരോഗ്യവാനായി കളത്തിലിറക്കേണ്ടതുണ്ട്.” ഡേവിഡ് ജോൺ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ