ന്യൂഡല്‍ഹി. തന്റെ ടെസ്റ്റ് കരിയറിന് മികച്ച തുടക്കം ലഭിച്ച യുവതാരമാണ് ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയായിരുന്നു അയ്യരുടെ തുടക്കം. രണ്ടാം ഇന്നിങ്സില്‍ നിര്‍ണായക അര്‍ധ സെഞ്ചുറിയും വലം കൈയന്‍ ബാറ്റര്‍ സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ അയ്യര്‍ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
അയ്യരുടെ പ്രകടനത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോണ്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അയ്യര്‍ നേരിടാന്‍ പോകുന്ന യഥാര്‍ത്ഥ വെല്ലുവിളി ഡിസംബര്‍ 26 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനമായിരിക്കുമെന്ന മുന്നറിയിപ്പും മുന്‍ ഇന്ത്യന്‍ നായകന് നല്‍കിയിട്ടുണ്ട്.
“അയ്യര്‍ക്ക് പത്ത് വര്‍ഷത്തോളമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 50 ന് മുകളില്‍ ശരാശരിയുണ്ട്. ഇത്തരമൊരു റെക്കോര്‍ഡ് ഉണ്ടാക്കണമെങ്കില്‍ തീര്‍ച്ചയായും അയാള്‍ സാധാരണ കളിക്കാരനല്ല. രാജ്യാന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കണമെങ്കില്‍ അവസരങ്ങള്‍ ആവശ്യമാണ്. അത്തരമൊരു അവസരമാണ് അയ്യര്‍ക്ക് ഇപ്പോള്‍ ലഭിച്ചത്,” ഗാംഗുലി പറഞ്ഞു.
“ആദ്യ ടെസ്റ്റില്‍ അയ്യര്‍ മികച്ച പ്രകടനം കാഴ്ച വച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ പരീക്ഷണം അയ്യര്‍ നേരിടാന്‍ പോകുന്നത് ദക്ഷിണാഫ്രിക്കയിലായിരിക്കും. പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ കളിക്കുമ്പോഴും താരത്തിന് മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷ,” ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
Also Read: വിരാട് കോഹ്ലിയുടെ പ്രതികരണം ശരിയായ സമയത്തല്ല, ഒരു വലിയ പര്യടനത്തിനു മുൻപ് ഇത് നല്ലതല്ല: കപിൽ ദേവ്