അത്‌ലറ്റിക്സിന്റെ ട്രാക്കിൽ സ്വർണ കൊയ്‌ത്ത് തുടരുകയാണ് ഇന്ത്യൻ യുവ സ്പ്രിന്റർ ഹിമ ദാസ്. 18 ദിവസത്തിനിടയിൽ അഞ്ചാം തവണയാണ് താരം സ്വർണം സ്വന്തമാക്കിയത്. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്‌സില്‍ 400 മീറ്ററിലാണ് ഹിമ ദാസ് സ്വര്‍ണം നേടിയത്. 52.09 സെക്കൻഡ് കൊണ്ടാണ് ഹിമ ഫിനിഷിങ് ലൈനിൽ എത്തിയത്.

തന്റെ പ്രിയപ്പെട്ട ഇനമായ 400 മീറ്ററിൽ ഈ സീസണില്‍ ഇതുവരെയുള്ള മികച്ച സമയമാണ് ഹിമ കുറിച്ചത്. തന്റെ കരിയറിലെ മികച്ച സമയത്തേക്കാൾ പിന്നിലാണെങ്കിലും ഈ സീസണിൽ മിന്നും കുതിപ്പ് തുടരുകയാണ് താരം. 50.79 സെക്കൻഡിൽ 400 മീറ്റർ ഓടിയെത്തിയതാണ് ഇതുവരെയുള്ള താരത്തിന്റെ മികച്ച സമയം.

ജൂലൈ 2ന് ശേഷം താരം നേടുന്ന അഞ്ചാമത്തെ സ്വർണ മെഡലാണിത്. പോളണ്ടിൽ നടന്ന പോസനൺ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിലാണ് ഹിമ ആദ്യ സ്വർണം സ്വന്തമാക്കിയത്. ജൂലൈ എട്ടിന് പോളണ്ടിൽ തന്നെ നടന്ന കുറ്റ്നോ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ സ്വർണമണിഞ്ഞത് ഹിമ തന്നെ. ഈ ഇനത്തിൽ മലയാളി താരം വി.കെ.വിസ്മയ രണ്ടാമതെത്തി വെള്ളി സ്വന്തമാക്കുകയും ചെയ്തു.

ജൂലൈ 13ന് ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ക്ലാഡ്നോ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ ഹിമയ്ക്ക് എതിരാളികൾ ഇല്ലായിരുന്നു. 23.43 സെക്കൻഡിലാണ് താരം ഫിനിഷിങ് ലൈനിൽ എത്തിയത്. ഹിമ സ്വർണം നേടിയ രണ്ട് തവണയും വെള്ളി സ്വന്തമാക്കിയത് മലയാളിയായ വി.കെ.വിസ്മയ ആണെന്നത് ഇരട്ടി മധുരമാണ്.

കഴിഞ്ഞ ദിവസം ചെക്ക് റിപ്പബ്ലിക്കിൽ തന്നെ നടന്ന ടാബോർ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ ഹിമ സ്വർണമണിഞ്ഞു. 23.25 സെക്കൻഡിലെത്തിയാണ് ഹിമ ഒന്നാമത് ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ തന്നെ വി.കെ.വിസ്മയക്കാണ് ഈ ഇനത്തിൽ വെള്ളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook