ട്രാക്കിൽ ഇന്ത്യയുടെ പേര് വാനോളം ഉയർത്തുകയാണ് ഹിമ ദാസ് എന്ന സ്പ്രീന്റർ. കഴിഞ്ഞ 15 ദിവസത്തിനിടെ ഹിമദാസ് സ്വന്തമാക്കിയത് നാല് സ്വർണ മെഡലുകളാണ്. ഏറ്റവും ഒടുവിൽ ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ടാബോർ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ ഹിമ സ്വർണമണിഞ്ഞു. 23.25 സെക്കൻഡിലെത്തിയാണ് ഹിമ ഒന്നാമത് ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ തന്നെ വി.കെ.വിസ്മയക്കാണ് ഈ ഇനത്തിൽ വെള്ളി.

ജൂലൈ 2ന് ശേഷം താരം നേടുന്ന നാലാമത്തെ സ്വർണ മെഡലാണിത്. പോളണ്ടിൽ നടന്ന പോസനൺ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിലാണ് ഹിമ ആദ്യ സ്വർണം സ്വന്തമാക്കിയത്. ജൂലൈ എട്ടിന് പോളണ്ടിൽ തന്നെ നടന്ന കുറ്റ്നോ അത്‌ലറ്റിക് മീറ്റിലും 200 മീറ്ററിൽ സ്വർണമണിഞ്ഞത് ഹിമ തന്നെ. ഈ ഇനത്തിൽ മലയാളി താരം വി.കെ.വിസ്മയ രണ്ടാമതെത്തി വെള്ളി സ്വന്തമാക്കുകയും ചെയ്തു.

ജൂലൈ 13ന് ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ക്ലാഡ്നോ അത്‌ലറ്റിക് മീറ്റലും 200 മീറ്ററിൽ ഹിമയ്ക്ക് എതിരാളികൾ ഇല്ലായിരുന്നു. 23.43 സെക്കൻഡിലാണ് താരം ഫിനിഷിങ് ലൈനിൽ എത്തിയത്. ഹിമ സ്വർണം നേടിയ രണ്ട് തവണയും വെള്ളി സ്വന്തമാക്കിയത് മലയാളിയായ വി.കെ.വിസ്മയ ആണെന്നത് ഇരട്ടി മധുരമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook