ഫിൻലാൻഡ്: ​ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്​പ്രിന്റർ ഹിമാ ദാസിന്​ സ്വർണം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കന്റിൽ ഫിനിഷ്​ ചെയ്​താണ്​ അസം താരം ചരിത്രനേട്ടം സ്വന്തമാക്കിയത്​.

ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ ഇനത്തിൽ സ്വർണം നേടുന്നത്​. നാലാം നമ്പര്‍ ലൈനില്‍ ഓടിയ ഹിമ റൊമാനിയ ആന്‍ഡ്രിയ മിക്ലോസിന് പിന്നിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ ഹിമ സ്വര്‍ണം തട്ടിയെടുത്തു. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസിന് വെളളിയാണ് ലഭിച്ചത്. അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സന്‍ 52. 28 സെക്കന്റില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.

‘വളരെയധികം സന്തോഷമുണ്ട്. ഇന്ത്യയില്‍ എനിക്കായി പ്രോത്സാഹനം നല്‍കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. ഇവിടെ കൈയ്യടിക്കാന്‍ എത്തിയവര്‍ക്കും നന്ദി. ഇത്രയും പിന്തുണ വളരെയധികം പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്’, 18കാരിയായ ഹിമ പറഞ്ഞു.

ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സീമ പൂനിയ (വെങ്കലം- ഡിസ്കസ് ത്രോ, 2002), നീരജ് കൗര്‍ (വെങ്കലം- ഡിസ്കസ് ത്രോ, 2014) എന്നിവരാണ് നേരത്തെ മെഡല്‍ നേടിയവര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ