തന്റെ ആദ്യ മത്സരയോട്ടത്തിന് 18 മാസങ്ങള്‍ക്ക് ശേഷം 18 കാരിയായ ഹിമാ ദാസ് ഇന്ത്യയുടെ പേര് ലോക അത്‌ലറ്റിക് ചരിത്രത്തില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ്. അസമിലെ ദിങ് ഗ്രാമത്തിലെ ഒരു നെല്‍ കര്‍ഷകന്റെ മകള്‍ ഇന്ത്യയ്ക്കായി രാജ്യാന്തര തലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ്. അണ്ടര്‍ 20 ലോക ലോക ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിന്റെ ഫൈനലിന് ശേഷം ഇന്ത്യന്‍ ദേശീയ ഗാനം മുഴങ്ങി കേട്ടപ്പോള്‍ ഇതുവരെ അനുഭവിക്കാത്ത, ഇത്രയും നാള്‍ കാത്തിരുന്ന വികാരങ്ങളാണ് ഓരോ ഇന്ത്യക്കാരന്റേയും ഉള്ളിലൂടെ കടന്നു പോയത്.
തുടക്കത്തില്‍ പിന്നോട്ട് പോയ ഹിമ വെല്ലുവിളിയെ മനസാന്നിധ്യം കൊണ്ട് മറികടന്ന് അവസാനത്തെ 80 മീറ്ററിലാണ് ഓടി മുന്നിലേക്ക് കയറിയത്. നാലാമത് നിന്നും 51.46 സെക്കന്റില്‍ മുന്നിലുണ്ടായിരുന്നവരെയെല്ലാം പിന്നിലാക്കി അവള്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ഹിമ നാലാമതേക്ക് പിന്‍ തള്ളപ്പെട്ടത് കണ്ടപ്പോള്‍ പതിവു പോലെ ഇത്തവണയും സ്വര്‍ണ്ണമില്ലാതെ ഇന്ത്യയുടെ ഒരു റേസ് കൂടി അവസാനിച്ചെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ അവളുടെ കോച്ച് നിപോണ്‍ ദാസിന് മാത്രം യാതൊരു ആശങ്കയുമില്ലായിരുന്നു.
‘അവളുടെ ഓട്ടം തുടങ്ങുന്നത് തന്നെ അവസാന 80 മീറ്ററിലാണ്. അവള്‍ക്ക് എന്തുമാത്രം പൊട്ടന്‍ഷ്യലുണ്ടെന്ന് അവളുടെ വളര്‍ച്ച നോക്കിയാല്‍ മനസിലാകും. ആദ്യമായി സ്‌പൈക്ക് അണിഞ്ഞിട്ട് രണ്ട് വര്‍ഷം ആയിട്ടേയുള്ളൂ.” അദ്ദേഹം പറയുന്നു. ഹിമയുടെ ഏറ്റവും മികച്ച വേഗത 51.13 സെക്കന്റാണ് എന്നു കൂടി ഓര്‍ത്തുകൊണ്ടായിരിക്കണം ഹിമയെ അഭിനന്ദിക്കേണ്ടത്.
നെല്‍പ്പാടങ്ങള്‍ക്ക് അടുത്തുള്ള ചെളിക്കണ്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പം ഫുട്‌ബോള്‍ കളിച്ചാണ് ഹിമ വളര്‍ന്നത്. പിന്നീട് കോച്ചിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത്‌ലറ്റിക്‌സിലേക്ക് തിരിയുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ തന്റെ കഴിവ് തെളിയിച്ച ഹിമയെ നിപോണ്‍ ദാസ് കണ്ടെത്തുകയായിരുന്നു. ഒരു ഇന്റര്‍-ഡിസ്ട്രിക്റ്റ് മത്സരത്തിനിടെയായിരുന്നു അദ്ദേഹം ആദ്യമായി ഹിമയുടെ പ്രകടനം കാണുന്നത്. ”വില കുറഞ്ഞ സ്‌പൈക്കുളായിരുന്നു അവള്‍ ധരിച്ചിരുന്നത്. പക്ഷെ എന്നിട്ടും 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടി. എന്റെ ജീവിതത്തില്‍ അതുപോലൊന്ന് ഞാന്‍ കണ്ടിരുന്നില്ല.” അദ്ദേഹം ആ നിമിഷം ഓര്‍ത്തെടുക്കുന്നു.
പിന്നീട് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹിമ ഗുവാഹത്തിയിലേക്ക് മാറുന്നത്. തന്റെ ഗ്രാമത്തില്‍ നിന്നും 140 കിലോമീറ്റര്‍ അകലെ. ആറ് മക്കളില്‍ ഏറ്റവും ഇളയവളായ ഹിമയെ അത്രയും ദൂരേക്ക് വിടാന്‍ മാതാപിതാക്കളായ റോണിജിത് ദാസും ജോമാലിയും തയ്യാറായിരുന്നില്ല. നിപോണിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.
സരുസജായ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അരികില്‍ അദ്ദേഹം വാടകയ്ക്ക് എടുത്തു കൊടുത്ത റൂമിലായിരുന്നു ഹിമയുടെ താമസം. ഹിമയെ ചേര്‍ക്കാന്‍ ബോക്‌സിങ്ങിനും ഫുട്‌ബോളിനും പ്രത്യേക സ്‌നേഹമുണ്ടായിരുന്ന സംസ്ഥാന സ്‌പോര്‍ട്‌സ് അക്കാദമിയെ നിപോണ്‍ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു.
”ഞാന്‍ എന്നും ഹിമയോട് പറയുമായിരുന്നു, വലിയ സ്വപ്‌നങ്ങള്‍ കാണുക. കാരണം വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ജന്മസിദ്ധമായി കഴിവുണ്ടാകൂ. ഏഷ്യന്‍ ഗെയിംസിനുള്ള റിലേ ടീമിലെത്തിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എന്റെ പ്രതീക്ഷകളെയെല്ലാം അവള്‍ മറികടന്നു. അതിനും ഒരുപാട് മേലെയാണ് അവളുടെ ഈ നേട്ടം” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
And this is how Him Das became the first Indian woman to win an #IAAFworlds title pic.twitter.com/0Zhx0QuxZI
— IAAF (@iaaforg) July 12, 2018