ഗുവാഹത്തി: ലോക ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണം നേടി ചരിത്രം കുറിച്ച ഹിമ ദാസിന്റെ കോച്ച് നിപ്പോണിനെതിരെ ലൈംഗിക അതിക്രമ കേസ്. ഇദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യയാണ് ആരോപണവുമായി രംഗത്ത് വന്നത്.

ആരോപണം കളവാണെന്ന് പറഞ്ഞ നിപ്പോൺ ഇത് തളളിക്കളഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയിലെ ഇന്ദിര സ്റ്റേഡിയത്തിലാണ് നിപ്പോൺ ആരോപണം ഉന്നയിച്ച പെൺകുട്ടിയെയും പരിശീലിപ്പിച്ചത്.

മെയ് മാസം പകുതിയോടെ പരിശീലനത്തിനിടെ കോച്ച് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് 20കാരിയായ പെൺകുട്ടി പരാതിപ്പെട്ടത്. ജൂൺ 22 നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കേസിൽ താൻ നിരപരാധിയാണെന്നാണ് നിപ്പോണിന്റെ വാദം.

“ഈ പെൺകുട്ടി 100 മീറ്ററിലും 200 മീറ്ററിലുമാണ് പരിശീലനം തുടരുന്നത്. അസം സംസ്ഥാന ടീമിൽ ഇടംപിടിക്കാനാണ് ഇവർ ശ്രമിച്ചത്. പലപ്പോഴും ഇവരെന്നോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മികച്ച കുട്ടികൾ വേറെയുളളതിനാൽ എനിക്കിവരെ സംസ്ഥാന ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. ദേശീയ ചാംപ്യൻഷിപ്പിനുളള സംസ്ഥാന ടീമിൽ ഇടംലഭിക്കാതിരുന്നതിനാലാണ് ആ പെൺകുട്ടി ഇത്തരമൊരു പരാതി നൽകിയത്,” അദ്ദേഹം പറഞ്ഞു.

പൊലീസ് അന്വേഷണത്തിൽ താൻ കുറ്റക്കാരനല്ലെന്ന് തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.

“കേസിൽ പൊലീസ് എന്നെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഒരു തവണ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരങ്ങൾ ചോദിച്ച് വിടുകയാണ് ഉണ്ടായത്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ വാങ്ങാൻ തയ്യാറാണ്,” അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook