നാഗ്‌പൂർ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയ്‌ക്കും ചേതേശ്വര്‍ പുജാരയ്ക്കും സെഞ്ചുറി. കരിയറിലെ പത്താം സെഞ്ചുറി തികച്ച മുരളി വിജയ്‌ 128 റണ്‍സിന് പുറത്തായി. ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 205 റണ്‍സിന് മറുപടിയുമായിറങ്ങിയ ഇന്ത്യയുടെ ലീഡ് 100 റണ്‍സ് കടന്നു. മുരളിക്ക് മികച്ച പിന്തുണ നല്‍കി മുന്നേറിയ ചേതേശ്വര്‍ പൂജാര 14-ാം ശതകമാണ് കുറിച്ചത്.

രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയിട്ടുണ്ട്. 121 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ നായകന്‍ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

8 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് 107 റണ്‍സിന്‍റെ ലീഡായിട്ടുണ്ട്. അതേസമയം ഇന്നലെ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്നാണ് ലങ്കയെ പരീക്ഷിച്ചത്.

അശ്വിന്‍ നാല് വിക്കറ്റ് വീഴ്ത്തയപ്പോള്‍ ജഡേജയും ഇശാന്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അർധ സെഞ്ചുറി നേടിയ നായകന്‍ ദിനേഷ് ചണ്ഡിമലും കരുണരത്‌നെയും മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തെ ചെറുത്തു നിന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സായപ്പോള്‍ 7 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന്റെ വിക്കറ്റ് ഗാമേജ് തെറിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ