കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കോംപ്ലക്സിലെ കടകൾ ഒഴിയാൻ ഹൈക്കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ മുതൽ കടകൾ പ്രവർത്തിക്കുന്നത് കോടതി വിലക്കി.

ഫിഫ അണ്ടർ 17 ലോകകപ്പ് സമിതിയുടെ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് നടപടി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഫിഫ ലോകകപ്പ് സമിതി അന്താരാഷ്ട്ര സ്റ്റേഡിയം കോംപ്ലക്സിലെ കടമുറികൾ ഒഴിയാൻ ആവശ്യപ്പെട്ടത്.

സ്റ്റേഡിയം കോംപ്ലക്സിലെ സ്ഥാപനങ്ങൾക്ക് നഷ്ടം ബാധിച്ചാൽ നേരിടാൻ 50 ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കാൻ കോടതി ജില്ല കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. ആഗോളതലത്തിൽ തീവ്രവാദ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഫിഫ കർശന നിബന്ധനകളുമായി മുന്നോട്ട് പോയത്.

ആഗസ്ത് 31 നാണ് ജിസിഡിഎ സ്റ്റേഡിയം കോംപ്ലക്സിലെ കടമുറികൾ ലീസിനെടുത്തവരോട് ഇന്ന്(സെപ്തംബർ 15) മുതൽ ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ കടമുറികൾ ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്റ്റേഡിയം കോംപ്ലക്സിലെ കടയുടമകൾ സുപ്രീം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. എന്നാൽ ജനപങ്കാളിത്തം പരിഗണിച്ച് കൂടി മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാവൂ എന്നാണ് കടയുടമകളിൽ നല്ലൊരു വിഭാഗത്തിന്റെയും അഭിപ്രായം.

അതേസമയം, അണ്ടര്‍ 17ലോകകപ്പുമായി ബന്ധപ്പെട്ട കൊച്ചിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിഫ അറിയിച്ചു. വ്യാപാരികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉചിതമായ നടപടി പ്രതീക്ഷിക്കുന്നതായും ഫിഫ പ്രത്യാശ പ്രകടിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ