ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഐപിഎല്‍. ഓരോ മൽസരവും ഏറെ നിർണായകമായതിനാല്‍ താരങ്ങളുടെ മേലുള്ള സമ്മർദവും വലുതാണ്. ഇത്തരം സാഹചര്യത്തില്‍ കുടുംബം കൂടെയുണ്ടാവുക എന്നത് മിക്ക താരങ്ങള്‍ക്കും വലിയ ഊർജമാണ് പകരുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരങ്ങളായ എം.എസ്.ധോണിയും സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിങ്ങുമെല്ലാം തങ്ങളുടെ കുട്ടികളുമായാണ് കളികള്‍ക്കെത്തുന്നത്. ഗ്യാലറിയിലിരുന്ന് അച്ഛന്മാരുടെ കളി കാണുന്ന കുരുന്നുകള്‍ മനോഹരമായ കാഴ്‌ച തന്നെയാണ്.

ഇന്ത്യന്‍ താരങ്ങളായ റെയ്‌നയുടേയും ഹര്‍ഭജന്റേയും ധോണിയുടേയും മക്കള്‍ തമ്മിലുള്ള ചങ്ങാത്തമായിരുന്നു ചെന്നൈയുടെ കളികളിലെ പ്രധാന ആകര്‍ഷണതകളിലൊന്ന്. മൂന്ന് പേരും ഒന്നിച്ച് കളിക്കുന്നതിന്റേയും മറ്റും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി മാറിയിരുന്നു.

ധോണിയുടെ മകള്‍ സിവ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നുവെങ്കില്‍ ഇത്തവണത്തെ ഐപിഎല്ലോടെ റെയ്‌നയുടെ മകള്‍ ഗ്രാസിയയും ഭാജിയുടെ മകള്‍ ഹിനായയും താരങ്ങളായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്ന മക്കളുടെ വീഡിയോ ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്. ഹിനായയുടേയും സിവയുടേയും യാത്ര പറച്ചിലിന്റെ വീഡിയോയാണ് ഭാജി പോസ്റ്റ് ചെയ്തിരിക്കുന്നത്. കെട്ടിപ്പിടിച്ച്, ഉമ്മ വച്ചു കൊണ്ട് യാത്ര പറയുന്ന വീഡിയോ ആരുടേയും മനസ് തൊടുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ