Hero Super Cup 2023: Kerala Blasters vs Sreenidi Deccan Score Updates: ഹീറൊ സൂപ്പര്‍ കപ്പ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ശ്രീനിധി ഡെക്കാനെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ശ്രീനിധി ഡെക്കാന്റെ ജയം. ഹസന്‍ റില്‍വാന്‍ (17), ഡേവിഡ് കാസ്റ്റനേഡ (44) എന്നിവരാണ് ശ്രീനിധി ഡെക്കാനായി സ്കോര്‍ ചെയ്തത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ശ്രീനിധി ഡെക്കാനായിരുന്നു ആധിപത്യം. മൂന്ന്, ആറ് മിനുറ്റുകളില്‍ കോര്‍ണറിലൂടെയും ഫ്രീ കിക്കിലൂടെയും ശ്രീനിധി അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിനെ മറികടക്കാനായില്ല. 12-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നും ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു മുന്നേറ്റം നടത്താന്‍.
ഇടതു വിങ്ങിലൂടെ ബ്രൈസ് മിറാന്‍ഡയുടെ ഒറ്റയ്ക്കുള്ള കുതിപ്പ്. ശ്രീനിധി ഡെക്കാന്റെ പ്രതിരോധത്തെ മറികടന്നെങ്കിലും രാഹുല്‍ കെ പിക്ക് നല്‍കിയ പാസില്‍ കൃത്യതയില്ലാതെ പോയി. വൈകാതെ തന്നെ ശ്രീനിധി ഡെക്കാന്‍ മുന്നിലെത്തി. ആയുഷ് അധികാരി പ്രതിരോധത്തില്‍ വരുത്തിയ വീഴ്ചയില്‍ നിന്ന് ഹസന്‍ റില്‍വാനാണ് ലക്ഷ്യം കണ്ടത്.
22-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്താനുള്ള സുവര്‍ണാവസരം ലഭിച്ചു. ദിമിത്രിയോസ് ഡയമന്റക്കോസ് ബോക്സിനുള്ളിലേക്ക് നല്‍കിയ ക്രോസ് ഫിനിഷ് ചെയ്യാന്‍ ഇവാന്‍ കാലിയുസ്നിക്ക് കഴിഞ്ഞില്ല. കാലിയുസ്നി തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പാഞ്ഞു. പിന്നീട് തുടരെ തുടരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം പരീക്ഷിക്കപ്പെടുന്നതാണ് മൈതാനത്ത് ദൃശ്യമായത്.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശ്രീനിധി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ വലത് വിങ്ങിലൂടെയായിരുന്നു ആക്രമണം. സത്യേഷിന്റെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഡേവിഡ് കാസ്റ്റനേഡയുടെ അനായാസ ഫിനിഷും ചേര്‍ന്നപ്പോള്‍ രണ്ടാം ഗോളും പിറന്നു.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരങ്ങല്‍ സൃഷ്ടിക്കാനായി. 49-ാം മിനുറ്റില്‍ അപ്പൊസ്തലോസ് ജിയാനുവിനാണ് ആദ്യ അവസരമുണ്ടായത്. ഗോള്‍ പോസ്റ്റിലേക്ക് തട്ടിയിടുക മാത്രമായിരുന്നു ജിയാനുവിനുണ്ടായിരുന്ന ഉത്തരവാദിത്തം. എന്നാല്‍ താരത്തിന് പിഴച്ചത് ബ്ലാസ്റ്റേഴ്സിന് മത്സരത്തിലേക്ക് മടങ്ങി വരാനുള്ള അവസരം നിഷേധിക്കുകയായിരുന്നു.
57-ാം മിനുറ്റില്‍ ദിമിത്രിയോസിന്റെ ഷോട്ട് ശ്രീനിധി ഡെക്കാന്റെ ഗോളി തടഞ്ഞു. 70-ാം മിനുറ്റില്‍ ജിയാനുവിന്റെ ഷോട്ട് പോസ്റ്റിലിടിച്ചതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. മത്സരത്തിന്‍റെ അവസാന നിമിഷം വരെ ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ശ്രീനിധി ഡെക്കാന്റെ പ്രതിരോധം ഭേദിക്കാനായില്ല.
പ്രിവ്യു
ആദ്യ മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഹീറൊ സൂപ്പര്‍ കപ്പിന് മഞ്ഞപ്പട തുടക്കമിട്ടത്. ദിമിത്രിയോസ് ഡയമന്റക്കോസ്, നിഷു കുമാര്‍, രാഹുല്‍ കെ പി എന്നിവരാണ് സ്കോര്‍ ചെയ്തത്. റൗണ്ട്ഗ്ലാസിനെതിരായ വിജയം ബ്ലാസ്റ്റേഴ്സിനെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ സമനിലയില്‍ തളച്ച ടീമാണ് ശ്രീനിധി ഡെക്കാന്‍. സമനില വഴങ്ങിയതോടെ ഗ്രൂപ്പില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്തും ശ്രീനിധി ഡെക്കാന്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ശ്രീനിധി ഡെക്കാനെ തോല്‍പ്പിക്കാനായാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് സമനില വഴങ്ങിയാലും ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താം.
സൂപ്പര്‍ കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് ടീം
ഗോള്‍കീപ്പര്‍മാര്‍: പ്രഭ്സുഖന്‍ സിങ് ഗില്‍, കരണ്‍ജിത് സിങ്, സച്ചിന്‍ സുരേഷ്, മുഹീത് ഷബീര്‍.
പ്രതിരോധനിര: വിക്ടര്‍ മോങ്കില്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം റൂയിവ, സന്ദീപ് സിങ്, ബിജോയ് വര്‍ഗീസ്, നിഷു കുമാര്‍, ജെസല്‍ കര്‍ണെയ്റോ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ.
മധ്യനിര: ഡാനിഷ് ഫാറൂഖ്, ആയുഷ് അധികാരി, ജീക്സണ്‍ സിങ്, ഇവാന്‍ കാലിയുസ്നി, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍.
മുന്നേറ്റനിര: ബ്രൈസ് ബ്രയാന്‍ മിറാന്‍ഡ, സൗരവ് മണ്ഡല്‍, രാഹുല്‍ കെ.പി., സഹല്‍ അബ്ദുല്‍ സമദ്, നിഹാല്‍ സുധീഷ്, ബിദ്യാസാഗര്‍ സിങ്, ശ്രീക്കുട്ടന്‍ എം എസ്. മുഹമ്മദ് ഐമെന്‍, ദിമിത്രിയോസ് ഡയമന്റകോസ്, അപ്പോസ്തലോസ് ജിയാനു.