കൊച്ചി: ഈ മാസം 17ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം. അത് ലറ്റികോ ഡി കൊല്‍ക്കത്തയാണ് ഉദഘാടന മത്സരത്തിൽ ബ്ളാസ്റ്റേഴ്സിന്റെ എതിരാളികള്‍. ഇന്നലെ(വ്യാഴാഴ്ച) വൈകിട്ട് നാലിനാണ് വില്‍പ്പന ആരംഭിച്ചത്. ഉദ്ഘാടന മത്സരത്തിന്റെ മുഴുവന്‍ ഗ്യാലറി ടിക്കറ്റുകളും മണിക്കൂറുകൾക്കകം തന്നെ വിറ്റുതീര്‍ന്നു. 240 രൂപയാണ് ഗ്യാലറി ടിക്കറ്റിന്റെ നിരക്ക്. 10,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് കൊച്ചിയിലെ മത്സരത്തിനായി വില്‍പ്പനയ്ക്കുള്ളത്.

പ്രമുഖ ടിക്കറ്റ് ബുക്കിങ് ഓൺലൈൻ സ്ഥാപനമായ ബുക്ക് മൈ ഷോ (www.bookmyshow.com) വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ബുക്ക് മൈ ഷോയുടെ മൊബൈൽ ആപ് വഴിയും വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും.

ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതല്‍ 10000 രൂപ വരെയാണ് നിരക്ക്. ഗോള്‍ പോസ്റ്റിന് പിന്നിലെ ബി ഡി ബ്ളോക്കുകള്‍ക്ക് 500 രൂപയും സി ബ്ളോക്കിന് 700 രൂപയും നല്‍കണം. വിഐപി ബോക്സിന് സമീപമുള്ള എ, ഇ ബ്ളോക്കുകള്‍ക്ക് 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

isl

വിഐപി ബോക്സിന് 3,500 രൂപയാണ് ഈടാക്കുക. അതേസമയം ഓണര്‍ ബോക്സിന് 10,000 രൂപ നല്‍കണം. ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് നടക്കുന്ന ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനും ഫെബ്രുവരി 23ന് ചെന്നൈയില്‍ എഫ്സിക്കെതിരായ മത്സരത്തിനും ഇതേ നിരക്കാണ് ഈടാക്കുക. നിലവിൽ ഗാലറി ടിക്കറ്റ് ഒഴികെയുള്ള ബാക്കി ടിക്കറ്റുകൾ ലഭ്യമാണ്. ഗോൾപോസ്റ്റിന് പിന്നിലുള്ള ബി, ഡി ബ്ലോക്കുകളിലെ ടിക്കറ്റുകളും വിറ്റ് തീരാറായതായാണ് റിപ്പോർട്ടുകൾ.

മറ്റു മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് ഗ്യാലറി-200, ബി,ഡി ബ്ളോക്ക്-400, എ, സി, ഇ ബ്ളോക്ക്-650, വിഐപി-2500, ഓണര്‍ ബോക്സ്-5000 എന്നിങ്ങനെയാണ് നിരക്കുകൾ.

പുതിയ സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരള ബ്ളാസ്റ്റേഴ്സ് ഐ ലീഗ് ക്ളബ്ബായ ഗോകുലം എഫ്സിയുമായി കോഴിക്കോട് നടത്താനിരുന്ന സൌഹൃദമത്സരം കൊച്ചിയിലേക്ക് മാറ്റി. ശനിയാഴ്ചയാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ