ചരിത്ര നേട്ടവുമായി ഐ ലീഗ്. ഏഷ്യയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഫുട്‌ബോള്‍ ലീഗിനുള്ള എസ്പിഐഎ (SPIA)യുടെ സില്‍വര്‍ മെഡലാണ് ഹീറോ ഐ ലീഗ് സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫിഡറേഷനാണ് ഐ ലീഗിനെ പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്തത്. ബാങ്കോക്കില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

ഇന്ത്യയിലെ ഒന്നാം നിര ഫുട്‌ബോള്‍ ലീഗാണ് ഐ ലീഗ്. 11 ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. ലീഗിലെ വിജയികളാകും ഇന്ത്യയെ പ്രതിനിധീകരിച്ച് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുക. നേട്ടത്തില്‍ എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ക്ലബ്ബുകളേയും പങ്കാളികളേയും അഭിനന്ദിച്ചു. ”ഞങ്ങളെ നിർദേശിച്ചതിന് എഎഫ്‌സിയ്ക്കും പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ച എസ്പിഐഎയ്ക്കും നന്ദി. എല്ലാ ക്ലബ്ബുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനം. എഐഎഫ്എഫിനും ഐ ലീഗ് വകുപ്പിനും അഭിനന്ദനം” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന് ഇത് മഹത്തായ നിമിഷമാണെന്നായിരുന്നു എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുഷാല്‍ ദാസിന്റെ പ്രതികരണം. 2016 ല്‍ എഎഫ്‌സിയുടെ ഡെവലപ്പിങ് മെമ്പര്‍ അസോസിയേഷനുള്ള പുരസ്‌കാരവും എഐഎഫ്എഫ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നേട്ടം. ഇതിനര്‍ത്ഥം രാജ്യത്തെ ഫുട്‌ബോളിനെ വളര്‍ത്താനുള്ള ഫെഡറേഷന്റെ തീരുമാനങ്ങള്‍ ലക്ഷ്യം കാണുന്നു എന്നാണ്.

ലീഗിന്റെ ഭാഗമായ എല്ലാവര്‍ക്കും, താരങ്ങള്‍ക്കും ഹീറോയ്ക്കും ടീമുകള്‍ക്കും ആരാധകര്‍ക്കും എഫ്എസ്ഡിഎല്ലിനും നന്ദി പറയുന്നതായും അവരുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഈ നേട്ടം കൈവരിക്കാനാകില്ലായിരുന്നുവെന്നും ദാസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, 2014 ല്‍ എഎഫ്‌സിയുടെ പ്രസിഡന്റ് റെക്കഗ്നിഷന്‍ അവാര്‍ഡും എഐഎഫ്എഫ് നേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook