ഗോൾ: തന്റെ രാജ്യാന്തര കരിയറിലെ വിരമിക്കൽ ടെസ്റ്റിൽ ചരിത്രമെഴുതി ശ്രീലങ്കൻ താരം രംഗണ ഹെറാത്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഗ്രൗണ്ടിൽ 100 വിക്കറ്റ് നേടുന്ന താരമായാണ് ഹെറാത്ത് മാറിയത്. ഇംഗ്ലണ്ടിനെതിരായ ഗോൾ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ഹെറാത്ത് സെഞ്ചുറി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ പുറത്താക്കികൊണ്ടായിരുന്നു ഹെറാത്ത് പുതിയ റെക്കോർഡ് കുറിച്ചത്. ഗോൾ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹെറാത്തിന്റെ നൂറാം വിക്കറ്റാണിത്. ഇതോടെ ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ താരമായി ഹെറാത്ത് മാറി. സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൻ എന്നിവരാണ് ഇതിന് മുമ്പ് ഒരു സ്റ്റേഡിയത്തിൽ 100 വിക്കറ്റ് നേട്ടം പൂർത്തിയാക്കിയത്.

മുത്തയ്യ മുരളീധരൻ മൂന്ന് വ്യത്യസ്ത വേദികളിൽ 100 വിക്കറ്റ് നേടിയിട്ടുണ്ട്. ഗോൾ, കാൻഡി, കൊളംബോ എന്നീ വേദികളിലാണ് മുരളീധരൻ 100 വിക്കറ്റ് വീഴ്ത്തിയത്. ക്രിക്കറ്റിന്റെ കളിതട്ടായ ലോർഡ്സ് ക്രിക്കറ്റ് മൈതാനത്താണ് ആൻഡേഴ്സൻ 100 വിക്കറ്റ് നേട്ടം പിന്നിട്ടത്.

ടെസ്റ്റിൽ തന്റെ 431-ാം ഇരയാണ് ഹെറാത്തിന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. 93 ടെസ്റ്റുകളിൽ നിന്നാണ് ഹെറാത്ത് 431 റൺസ് നേടിയത്. വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്കുയരാൻ ഹെറാത്തിനായി.

133 ടെസറ്റുകളിൽനിന്ന് 800 വിക്കറ്റ് പൂർത്തിയാക്കിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. 145 ടെസ്റ്റുകളിൽനിന്ന് 708 വിക്കറ്റുകൾ നേടിയ ഓസീസ് താരം ഷെയ്ൻ വോൺ രണ്ടാമതും 132 ടെസ്റ്റുകളിൽനിന്ന് 619 വിക്കറ്റുകളുമായി ഇന്ത്യൻ താരം അനിൽ കുംബ്ലെ മൂന്നാം സ്ഥാനത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook