സിഖ് വംശജര്‍ തലയില്‍ കെട്ടുന്ന പട്ട്ക ധരിക്കുന്നതില്‍ നിന്നും തടഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. തുര്‍ക്കിയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് സംഭവം. പ്രശസ്ത ഇന്ത്യന്‍ ഗുസ്തി താരമായ ജഷ്കവാര് ഗില്ലിനാണ് ഈ അനുഭവമുണ്ടായത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്ങിനെ പോലുള്ളവര്‍ തലയില്‍ ധരിക്കുന്നതാണ് പട്ട്ക. ചെവിയും മുടിയും മൂടാന്‍ സിഖ് മതവിശ്വാസ പ്രകാരമാണ് ഇതുപയോഗിക്കുന്നത്. ടര്‍ബനില്‍ നിന്നും ഏറെക്കുറെ വ്യത്യസ്തമാണ് പട്ട്കയെങ്കിലും രണ്ടും ഉപയോഗിക്കുന്നവരുണ്ട്.
തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. പട്ട്ക ഉപയോഗിക്കാന്‍ കഴിയില്ലെന്നും അത് എതിരാളികളെ പരുക്കേല്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു അസോസിയേഷന്റെ വാദം. തുടര്‍ന്ന് വനിതാ താരങ്ങളെ പോലെ മുടി കെട്ടി വയ്ക്കാന്‍ ഗില്ലിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാലത് തന്റെ മതവിശ്വാസത്തിന് എതിരാണെന്നും അതിനാല്‍ താന്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും താരം അറിയിക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു ഗില്‍ പിന്മാറിയതും.
”എനിക്ക് നീളമുള്ള മുടിയാണുള്ളതെന്നും പട്ട്ക ധരിക്കേണ്ടതുണ്ടെന്നും ഞാന്‍ അസോസിയേഷനെ അറിയിച്ചു. എന്നാലവര്‍ അത് കേട്ടില്ല. എന്റെ മതവിശ്വാസത്തിന്റെ ഭാഗമാണതെന്നും പറഞ്ഞു. എന്റെ കോച്ചും അവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും അവര്‍ കേട്ടില്ല,” മഡ് റെസ്ലിങ് രംഗത്ത് പ്രശസ്തനായ ഗില്‍ പറയുന്നു. ഇന്ത്യയില്‍ ഏറെ പ്രശസ്തമാണ് മഡ് റസ്ലിങ്. മണ്ണുകൊണ്ടുണ്ടായ ഗുസ്തി പിറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക. തന്റെ പട്ട്കയുടെ പേരിലാണ് ഗില്‍ അറിയപ്പെടുന്നത് തന്നെ.
“പട്ട്കയില്ലാതെ ഞാന്‍ മത്സരത്തിനിറങ്ങിയാല്‍ എന്റെ മനഃസാന്നിധ്യം നഷ്ടമാവുമായിരുന്നു. പക്ഷെ ഇത് നിയമവിരുദ്ധമൊന്നുമല്ല. മുമ്പും സിഖ് ഗുസ്തിതാരങ്ങള്‍ പട്ട്ക ധരിച്ച് ഇറങ്ങിയിട്ടുണ്ട്. അന്നൊന്നും ഇതുപോലുണ്ടായിട്ടില്ല. പക്ഷെ എനിക്ക് നല്ല വിഷമമുണ്ട്,” താരം പറയുന്നു. മഡ് റസ്ലിങ് രംഗത്തു നിന്നും പ്രൊഫഷണല്‍ രംഗത്തേക്കുള്ള ചുവടുമാറ്റത്തിന് ശ്രമിക്കുന്ന ഗില്ലിന്റെ ആദ്യ പ്രൊഫഷണല്‍ മത്സരമാണ് നഷ്ടമായത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഗില്ലിന് വേണ്ടി താന്‍ ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ടൂര്‍ണമെന്റിന്റെ അധികൃതര്‍ കൂട്ടാക്കിയില്ലെന്ന് പരിശീലകന് ജഗ്മെന്ദര് സിങ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മുടി കെട്ടിവച്ച് മത്സരിക്കാമെങ്കില്‍ ഗില്ലിനും അതാകാം എന്നായിരുന്നു അവര്‍ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് തുര്‍ക്കി ഗുസ്തി ഫെഡറേഷന്റെ വാദം. നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു.