ബെംഗളൂരു: രോഹിത് ശര്‍മയുടെ കീഴില്‍ മറ്റൊരു പരമ്പര കൂടി ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ശ്രിലങ്കയ്ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്‍ 238 റണ്‍സിന്റെ ഉജ്വല ജയമാണ് ആതിഥേയര്‍ നേടിയത്. സ്വന്തം നാട്ടിലെ 2022 ലെ അവസാന ടെസ്റ്റ് പരമ്പര കൂടിയായിരുന്നു കഴിഞ്ഞത്. ഇംഗ്ലണ്ടിനെതിരായി അവശേഷിക്കുന്ന ഒരു മത്സരം മാറ്റി നിര്‍ത്തിയാല്‍ ട്വന്റി 20 ലോകകപ്പിന് ശേഷമെ ഇന്ത്യക്കിനി വെള്ളക്കുപ്പായം അണിയേണ്ടതുള്ളു. തുടര്‍ വിജയങ്ങളുമായി മുന്നേറുന്ന ഇന്ത്യന്‍ ടീമിന്റെ ഭാവി താരം ആരായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുനില്‍ ഗവാസ്കര്‍.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവായിരുന്നു കണ്ടത്. ബെംഗളൂരുവില്‍ ആദ്യ ഇന്നിങ്സില്‍ 92 റണ്‍സെടുത്ത താരം രണ്ടാം ഇന്നിങ്സില്‍ 67 റണ്‍സുമെടുത്തു. ഡെ-നൈറ്റ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമാകാനും ശ്രേയസിന് സാധിച്ചു. ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത് ശ്രേയസിന്റെ പ്രകടനമായിരുന്നു. 98 പന്തിലായിരുന്നു 92 റണ്‍സ് നേട്ടം.
ശ്രേയസായിരിക്കുമൊ ഇന്ത്യന്‍ ടീമിന്റെ ഭാവി താരമെന്ന ചോദ്യത്തിന് അനുകൂലമായ മറുപടിയായിരുന്നു ഗവാസ്കര്‍ നല്‍കിയത്. “തീര്‍ച്ചയായും, അത്തരത്തിലുള്ള മികവാണ് അയാള്‍ പുറത്തെടുക്കുന്നത്, അദ്ദേഹത്തിന്റെ ഷോട്ടുകളും ബാറ്റിങ്ങും ആരെയും ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന യുവതാരമാണ് അയാള്‍. അടുത്ത എട്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയൊരു താരമാകാന്‍ ശ്രേയസിന് കഴിഞ്ഞേക്കും,” ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.
രണ്ടാം ടെസ്റ്റിലെ കളിയിലെ താരവും ശ്രേയസ് ആയിരുന്നു. “ഇന്ത്യക്കായി ടെസ്റ്റ് കളിക്കുന്നത് ഞാന്‍ ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്. കളിക്കാനും ടീമിനായി സംഭാവന ചെയ്യാനും സാധിച്ചതില്‍ സന്തോഷം, ഇത്തരത്തില്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്,” മത്സരശേഷം ശ്രേയസ് പറഞ്ഞു.
Also Read: ബ്ലാസ്റ്റേഴ്സിന് ഇന്ന് ‘കലാശപ്പോര്’; രണ്ടാം പാദത്തില്‍ ജംഷധ്പൂരിനെ നേരിടും