കളിക്കളത്തില്‍ സ്ലെഡ്ജിങ് നടത്താന്‍ ഒരു മടിയും കാണിക്കാത്തവരാണ് ഓസ്‌ട്രേലിയക്കാര്‍. എതിരാളികളെ മാനസികമായി തളര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ അവര്‍ തയാറാകും. ഇതിഹാസ താരം റിക്കി പോണ്ടിങ് ഉൾപ്പെടെയുള്ളവർ ഇതിന് പേരുകേട്ടവരാണ്. നിലവിലെ ക്യാപ്റ്റന്‍ ടിം പെയ്‌നും ഒട്ടും മോശക്കാരനല്ല. വ്യത്യസ്തമായ രീതിയിലാണ് പെയ്‌ന്റെ സ്ലെഡ്ജിങ്ങുകള്‍. ഇന്ത്യന്‍ താരം റിഷഭ് പന്തിനെതിരെ നടത്തിയ ബേബി സിറ്റിങ് തന്ത്രമൊക്കെ വളരെ പ്രശസ്തമാണല്ലോ.

ഇപ്പോഴിതാ പാക്കിസ്ഥാനെതിരായ ടെസ്റ്റിനിടെയും ടിം പെയ്ന്‍ വ്യത്യസ്തമായ രീതിയില്‍ സ്ലെഡ്ജിങ് നടത്തി വൈറലാവുകയാണ് ടിം പെയ്ന്‍. ബ്രിസ്ബണില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം. മുഹമ്മദ് റിസ്വാനായിരുന്നു ഇര. ഒന്നാം ഇന്നിങ്‌സിന്റെ 46-ാം ഓവറിനിടെയാണ് പെയ്ന്‍ റിസ്വാനെ സ്ലെഡ്ജ് ചെയ്തത്. പന്തെറിഞ്ഞത് നഥാന്‍ ലിയോണ്‍.

”ഇവന് നല്ല മണമാണ്” എന്നായിരുന്നു റിസ്വാനെ ചൊടിപ്പിക്കാന്‍ പെയ്ന്‍ പറഞ്ഞത്. അതിന് മുമ്പ് റിസ്വാനോട് ലിയോണിനെ ഒരു സ്വീപ്പ് ഷോട്ടിലൂടെ ബൗണ്ടറി കടത്താനും പെയ്ന്‍ പറഞ്ഞിരുന്നു. പാക്കിസ്ഥാനെ തകര്‍ച്ചയില്‍നിന്നു തിരികെ കൊണ്ടുവരികയായിരുന്ന റിസ്വാനെ പ്രകോപിപ്പിച്ച് അനാവശ്യ ഷോട്ട് കളിപ്പിക്കുകയായിരുന്നു പെയ്‌ന്റെ ലക്ഷ്യം.

ഏഴ് ഫോറുകളടക്കം 37 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഓസ്‌ട്രേലിയയ്ക്ക് തലവേദനയാകും എന്നു കരുതിയിരിക്കുമ്പോഴാണ് താരം പുറത്താകുന്നത്. താരത്തിന്റെ പുറത്താകലും വിവാദത്തിന് വക നല്‍കുന്നതാണ്. പാറ്റ് കമ്മിന്‍സിന്റെ പന്തിലായിരുന്നു പുറത്താകല്‍. എന്നാല്‍ റീപ്ലേകളില്‍ കമ്മിന്‍സ് നോബോളാണ് എറിഞ്ഞതെന്ന് വ്യക്തമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook