ദുബായ്: വിരാട് കോഹ്ലി ട്വന്റി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യന്‍ ടീമിനെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. പുതിയ നായകനാരെന്ന ചോദ്യവും സജീവമാണ്. കൂടുതല്‍ ശബ്ദത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് ഉപനായകന്‍ കൂടിയായ രോഹിത് ശര്‍മയുടേതാണെങ്കിലും കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരും പരിഗണനയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ നല്‍കിയിരിക്കുന്നത്. ഈ ട്വന്റി 20 ലോകകപ്പിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും രോഹിത് ക്യാപ്റ്റനാകണമെന്ന് ഗവാസ്കര്‍ വ്യക്തമാക്കി. എന്തുകൊണ്ട് രോഹിത് തന്നെ നയിക്കണമെന്നതിന്റെ കാരണങ്ങളും സ്റ്റാര്‍ സ്പോര്‍ട്സിലെ ക്രിക്കറ്റ് കണക്ടട് എന്ന പരിപാടിയില്‍ ഗവാസ്കര്‍ പറഞ്ഞു.
“ട്വന്റി 20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് വരുമ്പോള്‍ നായക സ്ഥാനത്തേക്ക് വലിയ പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ടതില്ല. രോഹിത് തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് എനിക്ക് തോന്നുന്നു,” മുന്‍താരം കൂട്ടിച്ചേര്‍ത്തു. രോഹിതിന്റെ കീഴില്‍ ഏഷ്യ കപ്പും നിധാസ് ട്രോഫിയും ഇന്ത്യ നേടിയിട്ടുണ്ട്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനായാണ് രോഹിതിനെ വിലയിരുത്തുന്നത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണയാണ് രോഹിത് കിരീടത്തിലേക്കെത്തിച്ചത്.