ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും. ഇപ്പോഴും നാലാം നമ്പറിനെ ചൊല്ലിയുള്ള ആശങ്കകള്‍ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനു പിന്തുണയുമായി മുന്‍ നായകന്‍ സൗരവ്വ് ഗാംഗുലി രംഗത്തെത്തിയിരിക്കുകയാണ്. പന്തിന്റെ ഷോട്ട് സെലക്ഷന്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുമ്പോഴാണു ഗാംഗുലിയുടെ പിന്തുണ.

”പന്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്, അത് ന്യായവുമാണ്. പക്ഷെ എല്ലാവരും മനസിലാക്കേണ്ടത് അവന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നന്നാകുമെന്നാണ്” ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടി20 യില്‍ 19, നാല് എന്നിങ്ങനെയായിരുന്നു പന്തിന്റെ സ്‌കോര്‍. രണ്ടുതവണയും പുറത്തായത് അനാവശ്യ ഷോട്ടിനു ശ്രമിച്ചാണ്. എന്നാല്‍ പന്ത് ദീര്‍ഘനാളത്തേക്കുള്ള മുതല്‍ കൂട്ടാണെന്നും എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ആശങ്കകള്‍ക്കുള്ള ഉത്തരമാണ് പന്തെന്നും ഗാംഗുലി പറഞ്ഞു.

Read More: നാലാം നമ്പരില്‍ ഞാനിറങ്ങാം; ഇന്ത്യക്ക് വഴി പറഞ്ഞു കൊടുത്ത് സുരേഷ് റെയ്‌ന
”വളരെ ചെറുപ്പമുള്ളൊരു ബാറ്റിങ് യൂണിറ്റാണ്. അവര്‍ക്കെല്ലാവര്‍ക്കും നായകന്റെ പിന്തുണ വേണം. ആ പട്ടികയില്‍ മുന്നിലുള്ളതു പന്താണ്. എന്നെ സംബന്ധിച്ച് അവന്റെ കടന്നുവരവ് ഗംഭീരമാണ്. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ തേടുന്ന ഉത്തരമാണ് അവന്‍. അവനൊരു മാച്ച് വിന്നറും ദീര്‍ഘനാളത്തേക്കുള്ള മുതല്‍ കൂട്ടുമാണ്” ഗാംഗുലി പറഞ്ഞു.

ഏകദിന ലോകകപ്പിനു ശേഷം ധോണി വിശ്രമത്തിനായി അവധി എടുത്തതോടെ പന്താണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. താരത്തിലാണു ഭാവി കാണുന്നതെന്നു ബിസിസിഐയും വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ പന്തിന്റെ മോശം പ്രകടനങ്ങള്‍ വലിയ തലവേദനയാണ് ടീം മാനേജ്‌മെന്റിനു നല്‍കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook