ന്യൂഡല്‍ഹി: ഐപിഎല്ലിലെ മെഗാ താരലേലത്തില്‍ ഇക്കുറി ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമായിരുന്നു. 204 കളിക്കാരാണ് ലേലത്തില്‍ വിറ്റു പോയത്, ഇതില്‍ വിദേശ താരങ്ങളുടെ എണ്ണം കേവലം 67 മാത്രമാണ്. ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റു പോയതും ഇന്ത്യക്കാര്‍ തന്നെ. ഇഷാന്‍ കിഷന്‍ (15.25 കോടി രൂപ, മുംബൈ ഇന്ത്യന്‍സ്), ദീപക് ചഹര്‍ (14 കോടി, ചെന്നൈ സൂപ്പര്‍ കിങ്സ്), ശ്രേയസ് അയ്യര്‍ (12.25 കോടി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്) എന്നിവരാണ് മൂല്യമേറിയ താരങ്ങള്‍.
മൂവര്‍ക്കും ശേഷം ഉയര്‍ന്ന തുകയ്ക്ക് വിറ്റ് പോയ താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണാണ്. 11.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സായിരുന്നു ലിവിങ്സ്റ്റണെ സ്വന്തമാക്കിയത്. 10.75 കോടി രൂപയ്ക്ക് നാല് താരങ്ങളെ ടീമുകള്‍ സ്വന്തമാക്കി. ഇതില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ബോളര്‍മാരായിരുന്നു. ശാര്‍ദൂല്‍ താക്കൂര്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്), ഹര്‍ഷല്‍ പട്ടേല്‍ (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍) എന്നിവരായിരുന്നു രണ്ട് താരങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഹര്‍ഷല്‍ പട്ടേലിറങ്ങിയിരുന്നു. 31 കാരനായ ഹര്‍ഷലിനെ പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. 2021 സീസണില്‍ ആര്‍സിബിക്കായി 32 വിക്കറ്റുകളാണ് ഹര്‍ഷല്‍ നേടിയത്, ഇത് റെക്കോര്‍ഡായിരുന്നു. താരത്തിന്റെ ബോളിങ്ങില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളതായാണ് ഗവാസ്കര്‍ വിശ്വസിക്കുന്നത്. ഒരുപാട് വേരിയേഷനുകള്‍ കൊണ്ടുവരാന്‍ ഹര്‍ഷലിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ലേലത്തില്‍ ലഭിച്ച ഓരോ രൂപയും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. സ്വയം കണ്ടെത്തല്‍ നടത്തിയെന്നതാണ് ഹര്‍ഷലിനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒന്ന്. നേരത്തെ ബാറ്റര്‍മാര്‍ നേരിടാന്‍ കാത്തിരിക്കുന്ന ബോളര്‍മാരില്‍ ഒരാളായിരുന്നു ഹര്‍ഷല്‍. എന്നാല്‍ അനുഭവങ്ങളില്‍ നിന്ന് അദ്ദേഹം പാഠം ഉള്‍ക്കൊണ്ടു. ഇപ്പോള്‍ ബാറ്റര്‍മാര്‍ നേരിടാന്‍ ആഗ്രഹിക്കാത്ത ബോളര്‍മാരിലൊരാളാണ് ഹര്‍ഷല്‍,” ഗവാസ്കര്‍ വ്യക്തമാക്കി.
“മികച്ച യോര്‍ക്കറുകളും വേഗതകുറഞ്ഞ ബൗണ്‍സറുകളും എറിയാന്‍ അദ്ദേഹത്തിന് കഴിയും. കഴിഞ്ഞ കുറച്ച് ഐപിഎല്ലുകളിലായി ഒരുപാട് മാറ്റങ്ങള്‍ ബോളിങ്ങില്‍ കൊണ്ടുവരാന്‍ ഹര്‍ഷലിന് സാധിച്ചു. ഓരോ വര്‍ഷം കഴിയുമ്പോള്‍ മികവ് ഉയര്‍ന്നു വരുന്നതായാണ് കാണാന്‍ കഴിയുന്നത്,” ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണിന് സമനില; ലിവര്‍പൂളിന് അനായാസ ജയം