മുംബൈ. കഴിവുള്ള നിരവധി താരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യയുടെ പേസ് ബോളിങ് നിര. ജസ്പ്രിത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍, മുഹമ്മദ് ഷമി എന്നിവരാണ് പ്രധാനികള്‍. ഇതില്‍ മുതിര്‍ന്ന താരങ്ങളില്ലാതെ ഇറങ്ങിയിട്ടും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞു.
ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തുന്ന ജസ്പ്രിത് ബുംറയുടെ ബോളിങ് മികവ് എത്രത്തോളമാണെന്ന് വിലിയിരുത്തുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ബുംറയെക്കുറിച്ച് മാത്രമല്ല ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്റ്റാര്‍ സ്പോര്‍ട്സിലെ പരിപാടിയിലായിരുന്നു ഗവാസ്കറുടെ വാക്കുകള്‍.
“അസാധ്യ സ്വിങ് ബോളറാണ് ചഹര്‍. ബാറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും വിധത്തില്‍ പന്തെറിയാന്‍ അയാള്‍ക്ക് കഴിയും. എറിയുന്ന രീതിയില്‍ മാറ്റം വരുത്താതെ തന്നെ ഇന്‍ സ്വിങ്ങും ഔട്ട് സ്വിങ്ങും പ്രയോഗിക്കാന്‍ ചഹറിനാകും. ഭുവനേശ്വര്‍ കുമാറിനേയും ചഹറിനേയും പോലെയുള്ള താരങ്ങള്‍ ടീമിലുള്ളത് എപ്പോഴും മുതല്‍കൂട്ടാണ്,” ഗവാസ്കര്‍ വ്യക്തമാക്കി.
“ഇരുവര്‍ക്കും പുറമെ ബുംറയുമുണ്ട്. അദ്ദേഹത്തെ വിസ്മരിക്കാനാകില്ല. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല ലോകത്തെ ഏതൊരു ടീമിലും ഒരേ പോലെ ആധിപത്യം പുലര്‍ത്താന്‍ ബുംറയ്ക്ക് കഴിയും. പിന്നെ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരും ടീമിലുണ്ട്. ഇതില്‍പരം എന്താണ് വേണ്ടത്,” ഗവാസ്കര്‍ ചോദിച്ചു. ഫെബ്രുവരി 24 നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് തുടക്കമാകുന്നുത്.
Also Read: ‘ഡൽഹിയിൽ നിന്നുള്ള കൊച്ചു കുട്ടിക്ക്,’ കോഹ്ലിക്ക് വൈകാരികമായ കത്തുമായി യുവരാജ്