ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീമിന്റെ പേസ് നിരയിൽ വളരെ വേഗം തന്നെ സ്ഥിരസാന്നിധ്യമാകാൻ ഒരുങ്ങുന്ന താരമാണ് നവ്ദീപ് സെയ്നി. കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൈനി വെടിക്കെട്ട് പ്രകടനവുമായി ഇതിഹാസങ്ങളുടെ വരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്റെ പ്രിയപ്പെട്ട നായകന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സെയ്നി. മനക്കരുത്തിന്റെ പാഠങ്ങൾ തന്നെ പഠിപ്പിച്ചത് ഗംഭീറും കോഹ്ലിയുമാണെന്ന് സെയ്നി പറയുന്നു.
2013ൽ ഡൽഹിക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സെയ്നി അരങ്ങേറ്റം കുറിക്കുമ്പോൾ ഗൗതം ഗംഭീറായിരുന്നു ടീമിന്റെ നായകൻ. ഇന്ത്യൻ പ്രീമിയർ ലീഗിലെത്തിയപ്പോൾ റോയൽ ചലഞ്ചേഴ്സിന് വേണ്ടിയായിരുന്നു സെയ്നി കളിച്ചത്, ടീമിന്റെ നായകൻ വിരാട് കോഹ്ലിയും. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനെത്തിയപ്പോഴും നായക സ്ഥാനത്ത് കോഹ്ലി തന്നെ.
Also Read: ഐസിസി ടെസ്റ്റ് റാങ്കിങ്: ഇന്ത്യയ്ക്ക് തിരിച്ചടി, കോഹ്ലിപ്പടയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാമത്
“സമാനമായ ക്യാപറ്റൻസിയുള്ള രണ്ട് പേരാണ് ഗൗതം ഭായിയും വിരാട് ഭായിയും. മൈതാനത്ത് അവരുടെ 110 ശതമാനം പരിശ്രമിക്കുന്നവരാണ് ഇരുവരും. രഞ്ജി ട്രോഫിയിൽ കളിക്കുമ്പോഴേ ഇക്കാര്യം ഗൗതം ഭായിയിൽ നിന്ന് പഠിച്ചു. ഇന്ത്യൻ ടീമിലെത്തിയപ്പോൾ വിരാട് ഭായിയിൽ നിന്നും,” സെയ്നി പറഞ്ഞു.
ജിമ്മിലാണെങ്കിലും മൈതാനത്താണെങ്കിലും പരിശീലനത്തിലാണെങ്കിലും വിരാട് കോഹ്ലി 101 ശതമാനവും നൽകാറുണ്ട്. അവരിൽ നിന്നുമാണ് മനക്കരുത്തോടെ എങ്ങനെയായിരിക്കാമെന്നും തന്റെ കഴിവുകളെ എങ്ങനെ മെച്ചപ്പെടുത്താമെന്നും താൻ പഠിച്ചതെന്ന് സെയ്നി കൂട്ടിച്ചേർത്തു.
Also Read: ഷമിയുടെ ഏറുകൊണ്ട് തുടയിൽ നീരുവന്നു, പത്ത് ദിവസം കിടപ്പിലായി: സ്മൃതി മന്ദാന
2018ൽ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരത്തിന് ആദ്യമായി ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാൽ അന്ന് കളിക്കാൻ താരത്തിന് അവസരം ലഭിച്ചാൽ. എന്നാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ കുപ്പായത്തിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. ഇതുവരെ അഞ്ച് ഏകദിനങ്ങളിലും പത്ത് ടി20 മത്സരങ്ങളിലും ഇന്ത്യൻ ടീമിനായി കളിച്ച താരം 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.