ന്യൂഡൽഹി:ഹോക്കിയിൽ മൻപ്രീത് സിംഗ് ഇന്ത്യയുടെ സൂപ്പർ സ്ട്രൈക്കറാണിന്ന്. ആ കളിമികവിനുള്ള അംഗീകാരമായി തന്നെയാണ് ഇപ്പോൾ നായക പദവി തേടിയെത്തിയതും. മലയാളി താരവും ഇന്ത്യയുടെ ഗോൾവലയുടെ ശക്തനായ കാവൽക്കാരനുമായ പി.ആർ.ശ്രീജേഷിന്റെ അസാന്നിദ്ധ്യത്തിൽ തേടിയെത്തിയതാണ് ആ പദവി.

ഹോക്കി വേൾഡ് ലീഗിനുള്ള ഇന്ത്യൻ ടീമിനെ നയിക്കാനുള്ള ചുമതലയാണ് ശ്രീജേഷിന് പരിക്കേറ്റതിനെ തുടർന്ന് മൻപ്രീത് സിംഗിനെ തേടിയെത്തിയിരിക്കുന്നത്. നായക പദവിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാകട്ടെ, ശ്രീജേഷ് എന്ന മലയാളി താരത്തിനുള്ള ഏറ്റവും മികച്ച ബഹുമതി കൂടിയാണ്.

“മികച്ച ക്യാപ്റ്റന്റെ ശേഷികളെ കുറിച്ച് പി.ആർ.ശ്രീജേഷിൽ നിന്നും മുൻ നായകൻ സർദാർ സിംഗിൽ നിന്നുമാണ് താൻ പഠിച്ചതെ”ന്നാണ് മൻപ്രീത് മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം. “സർദാർ സിംഗിനെ പോലെ തന്നെ പി.ആർ.ശ്രീജേഷിനും ടീമിനെ കരുത്തോടെ മുന്നോട്ട് നയിക്കുന്നതിൽ തന്റേതായ പ്രത്യേകതകളുണ്ടെന്ന്” മൻപ്രീത് സിംഗ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

“യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു എന്നും സർദാർ സിംഗിന്റെ മികവ്. എനിക്ക് കളിയിൽ തിളങ്ങാൻ പറ്റാതിരുന്ന സമയത്ത്, പുറകോട്ട് നോക്കി ദു:ഖിക്കരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം ഏത് പ്രതിസന്ധി ഘട്ടങ്ങളെയും വിജയങ്ങളെയും വളരെ ലളിതമായി കാണുന്ന ശ്രീജേഷിന്റെ ശൈലിയാണ് ടീമിനെ ഒത്തൊരുമയോടെ മുന്നോട്ട് കൊണ്ടുപാകുന്നത്. ശ്രീജേഷിന്റെ ഈ ശൈലിയാണ് ഞാനും ടീമിന്റെ നായകനെന്ന നിലയിൽ സ്വീകരിക്കാൻ ആഗ്രഹിക്കുന്നത്” എന്ന് മൻപ്രീത് സിംഗ് പറഞ്ഞു.

അസ്ലൻ ഷാ കപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ക്യാപ്റ്റനായിരുന്ന ശ്രീജേഷിന് മുട്ടിന് പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് ഏറ്റവും കുറഞ്ഞത് മൂന്ന് മാസം എങ്കിലും വിശ്രമം പറഞ്ഞതോടെയാണ് വേൾഡ് ലീഗ് സെമി ഫൈനലിൽ ഇന്ത്യൻ ടീമിന്റെ നായകനായി മൻപ്രീത് സിംഗിനെ തീരുമാനിച്ചത്.

മുൻപ് ജൂനിയർ ടീമിന്റെ ക്യാപ്റ്റനായിരുന്നു മൻപ്രീത് സിംഗ്, സീനിയർ ടീമിന്റെ നായക പദവി ഇതിൽ നിന്നും ഏറെ വ്യത്യാസമുള്ളതാണെന്ന അഭിപ്രായക്കാരനാണ്. “ജൂനിയർ ടീമിനെയും സീനിയർ ടീമിനെയും ഒരേ പോലെ കാണാനാവില്ല. സീനിയർ ടീമിൽ പല പ്രായക്കാരാണ്. സർദാർസിംഗ്, രുപീന്ദർപാൽ സിംഗ്, എസ്.വി.സുനിൽ തുടങ്ങിയ ഐക്കൺ താരങ്ങളുള്ള ടീമാണ് സീനിയർ ടീം. ഇവരെല്ലാമുള്ള ടീമിനെ നയിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. സമ്മർദ്ദം ചെറുക്കാൻ എന്നെ സഹായിക്കാൻ കെൽപ്പുള്ളവരും വളരെ സൗഹാർദ്ദത്തോടെ ഇടപെടുന്നവരുമാണ് ഇവരെല്ലാം. ഹോക്കി ഒത്തൊരുമ ഏറെ ആവശ്യമുള്ള കളിയായതിനാൽ ടീമിന്റെ ആകെ ഫലത്തിലാണ് ഞാൻ അധികമായി ശ്രദ്ധിക്കുന്നത്” അദ്ദേഹം വ്യക്തമാക്കി.

പൂൾ ബിയിൽ സ്കോട്ലന്റിനെതിരായ മത്സരത്തോടെ ജൂൺ 15 നാണ് വേൾഡ് ലീഗിൽ ഇന്ത്യയുടെ മത്സരം തുടങ്ങുന്നത്. പാക്കിസ്ഥാനും നെതർലന്റുമാണ് ഇന്ത്യയ്‌ക്കൊപ്പം പൂൾ ബിയിലുള്ള മറ്റ് ടീമുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook