ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ വിടാതെ വിവാദം. ഭാര്യ ഹസിന് ജഹാന് ഷമിയ്ക്കെതിരെ ഉയര്‍ത്തിയ അവിവിഹിത ബന്ധ ആരോപണത്തിന് പിന്നാലെ താരത്തിന്റെ കരാറടക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിനെതിരെ പുതിയ ആരോപണവുമായി ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്.
ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായാണ് ഹസിന് ജഹാന് രംഗത്തെത്തിയിരിക്കുന്നത്. താരത്തിനെതിരെ വാതുവയ്പ് ആരോപണമാണ് ഹസിന് ഉയര്‍ത്തിയിരിക്കുന്നത്. താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം.
‘ഷമിയ്ക്ക് എന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാന്‍ പറ്റും. അലിസ്ബാഹ് എന്ന പാക്കിസ്ഥാനി യുവതിയില്‍ നിന്നും ദുബായില്‍ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പണം വാങ്ങിയത്. എന്റെ പക്കല്‍ അതിന് തെളിവുണ്ട്’ ഹസിന് പറയുന്നു.
എബിപി ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹസിന്റെ വെളിപ്പെടുത്തല്‍. മുഹമ്മദ് ഷമിയ്ക്കെതിരെ ഹസിന് ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഭാര്യ ഹസിന് ജഹാന് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന് പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്റ്റേഷനിലെത്തിയത്.
ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം. മോഡലായിരുന്ന ഹസിന് വിവാഹ ശേഷം മോഡലിങ് രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഷമി എന്നെ കഴിയുന്ന തരത്തിലൊക്കെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഷമിയെ വിവാഹം ചെയ്യാനാണ് ഞാന്‍ മോഡലിങ് അവസാനിപ്പിച്ചത്. വിരാട് കോഹ്ലിയെ പോലെ ഒരു ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമിയുടെ ആഗ്രഹം. എന്നെ കല്യാണം കഴിച്ചത് തെറ്റായിപ്പോയെന്ന് അയാള്‍ കരുതുന്നു.’ ഇന്ത്യ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഹസിന് പറയുന്നു.
മറ്റു സ്ത്രീകളുമായി ഷമി വാട്സ്ആപ്പിലും ഫെയ്സ്ബുക്ക് മെസഞ്ചറിലും ചാറ്റ് ചെയ്തതിന്റെ സ്ക്രീന്‍ ഷോട്ട് ജഹാന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു. ”ഫെയ്സ്ബുക്കില്‍ താന്‍ പോസ്റ്റ് ചെയ്തത് ചെറിയൊരു ഭാഗം മാത്രമാണ്. ഷമിയുടെ പ്രവൃത്തികള്‍ വെറുപ്പുളവാക്കുന്നതാണ്. നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ട്”, ജഹാന് പറഞ്ഞതായി എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.