കൊല്‍ക്കത്ത: മുഹമ്മദ് ഷമി-ഹസിന്‍ ജഹാന്‍ വിവാദം നാള്‍ക്കുനാള്‍ കൂടുതല്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും ഇന്ത്യന്‍ പേസര്‍ക്കെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി ഭാര്യ രംഗത്തെത്തുകയാണ്. എന്നാല്‍ ആരോപണങ്ങളെയെല്ലാം ഷമി തളളിക്കളയുകയാണ്.

ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നായിരുന്നു ഹസിന്റെ ആദ്യ ആരോപണം. പിന്നീട് താരം വാതുവെപ്പുകാരുമായി ബന്ധപ്പെട്ടെന്നും പണം വാങ്ങിയെന്നും ഹസിന്‍ ആരോപിച്ചു. തൊട്ട് പിന്നാലെ താരത്തിനും കുടുംബത്തിനുമെതിരെ അവര്‍ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അതേസമയം, തന്റെ ഭാര്യയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിരിക്കുകയാണെന്നും ഭാര്യയേയും മകളേയും രക്ഷിക്കാന്‍ എന്തും ചെയ്യുമെന്നായിരുന്നു ഷമിയുടെ പ്രതികരണം. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നും ഷമി പറഞ്ഞു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി ഹസിന്റെ ആദ്യ ഭര്‍ത്താവ് രംഗത്തെത്തിയിരിക്കുകയാണ്.

ആദ്യ വിവാഹത്തില്‍ ഹസിന് രണ്ട് പെണ്‍മക്കളാണുള്ളത്. അവരുമായി ഹസിന്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്ന് മുന്‍ ഭര്‍ത്താവ് പറയുന്നു.’ആഴ്ച്ചയില്‍ രണ്ടോ മൂന്നോ വട്ടം അവരുമായി അവള്‍ സംസാരിക്കാറുണ്ട്. മൂത്തയാള്‍ പത്താം ക്ലാസിലും രണ്ടാമത്തെയാള്‍ ആറാം ക്ലാസിലുമാണ്. ‘ മുന്‍ ഭര്‍ത്താവ് സെയ്ഫുദ്ദീന്‍ പറയുന്നു.

സെയ്ഫുദ്ദീന്റേയും ഹസിന്റേതും പ്രണയവിവാഹമായിരുന്നു.’ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. അവള്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോളാണ് ഞാനവളെ പ്രൊപ്പോസ് ചെയ്യുന്നത്. സ്‌പോര്‍ട്‌സിലും പഠനത്തിലും മിടുക്കിയായിരുന്നു അവള്‍.’ 2002 ല്‍ വിവാഹിതരായ ഹസിനും സെയ്ഫുദ്ദീനും 2010ലാണ് വേര്‍പിരിയുന്നത്.

അതേസമയം, ഇപ്പോഴുള്ള വിവാദത്തിലേക്ക് സംഭവങ്ങളെ എത്തിച്ചതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറയുന്നു. ജീവിതത്തില്‍ സ്വന്തമായി പലതും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന, വ്യക്തിത്വമുള്ള സ്ത്രീയായിരുന്നു ഹസിനെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും ഹസിനുമൊത്ത് ജീവിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും സെയ്ഫുദ്ദീന്‍ വ്യക്തമാക്കി.

തങ്ങളുടെ ദാമ്പത്യം തകര്‍ന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്നാണ് സെയ്ഫുദ്ദീന്‍ പറയുന്നത്. ഹസിനുമായി ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും പക്ഷെ അതായിരുന്നോ വേര്‍പിരിയാന്‍ കാരണമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ