ഏകദിനത്തിൽ സെഞ്ചുറി വേട്ടയിൽ സച്ചിന്റെ പിൻഗാമി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയാണെന്നാണ് പറയപ്പെടുന്നത്. അതിവേഗം സെഞ്ചുറികൾ നേടി കുതിക്കുകയാണ് ഇന്ത്യൻ നായകൻ. കരിയറിലെ 39-ാം സെഞ്ചുറിയാണ് ഓസ്ട്രേലിയക്കെതിരെ കഴിഞ്ഞ ദിവസം കോഹ്‍ലി തികച്ചത്. സച്ചിൻ 350 ഇന്നിങ്സിൽ നിന്നാണ് സച്ചിൻ 39 സെഞ്ചുറികൾ തികച്ചത്. എന്നാൽ ഈ നേട്ടത്തിലെത്താൻ കോഹ്‍ലിക്ക് വേണ്ടി വന്നത് കേവലം 210 ഇന്നിങ്സുകൾ മാത്രമാണ്.

അതേസമയം കോഹ്‍ലിയുടെ സെഞ്ചുറി നേട്ടത്തിലെ ഒരു റെക്കോർഡ് മറികടന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംല. ഏകദിനത്തില്‍ വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന നേട്ടത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രൊട്ടീയാസ് താരം മറികടന്നത്. കോഹ്‍ലി 169 ഇന്നിംഗ്‌സുകളില്‍ നേട്ടത്തിലെത്തിയപ്പോള്‍ അംല 167-ാം ഇന്നിംഗ്‌സില്‍ നിന്നാണ് 27-ാം സെഞ്ചുറി കണ്ടെത്തിയത്.

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് അംല കോഹ്‍ലിയുടെ റെക്കോർഡ് തിരുത്തിയത്. പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തിൽ 120 പന്തില്‍ താരം 108 റണ്‍സെടുത്തു. 2017ന് ശേഷം ഇതാദ്യമായാണ് അംല ഏകദിനത്തിൽ സെഞ്ചുറി നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഏകദിനത്തിൽ 27 സെഞ്ചുറികൾ തികയ്ക്കുന്ന അഞ്ചാമത്തെ താരമാണ് അംല.

എന്നാൽ മത്സരത്തിൽ പാക്കിസ്ഥാനായിരുന്നു ജയം. ഇതോടെ അംലയുടെ ബാറ്റിങ് വലിയ വിമർശനവും താരം നേരിടേണ്ടി വന്നു. പ്രൊട്ടീയാസ് ഇന്നിങ്സിലുടനീളം ബാറ്റ് വീശിയ അംല വിക്കറ്റുകൾ ബക്കിയുണ്ടായിരുന്നിട്ടം മെല്ലേ സഞ്ചരിച്ചതാണ് ദക്ഷിണാഫ്രിക്കയുടെ പരാജയത്തിന് കാരണമെന്ന് ആരാധകർ വിമർശനമുയർത്തി. 50 ഓവർ ബാറ്റ് ചെയ്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏറ്റവും കുറവ് റൺസെടുക്കുന്ന ടീം എന്ന നാണക്കേടിന്റെ റെക്കോർഡും ദക്ഷിണാഫ്രിക്കയുടെ പേരിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook