റോഹ്ട്ടക്: കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് പണവും സര്‍ക്കാര്‍ ജോലിയും സ്ഥലവും ആഡംബര കാറുകളും നല്‍കുന്നത് ഹരിയാനയില്‍ പതിവാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ പശുക്കളെ കൂടി ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. ബുധനാഴ്ച സംസ്ഥാന ത്തെ മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധന്‍കര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞയാഴ്ച്ച ഗുവഹാത്തിയില്‍ സമാപിച്ച വനിതാ ഗുസ്തി മത്സരത്തില്‍ മെഡല്‍ ജേതാക്കളായ ആറുപേരെ അനുമോദിക്കുവാനായി റോഹട്ടക്കില്‍ നടന്ന പൊതുപരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കവെയാണ് മന്ത്രി പുതിയ സമ്മാനം പ്രഖ്യാപിക്കുന്നത്. ഗുസ്തികാര്‍ പശുവിന്‍ പാല്‍ കുടിക്കുന്നാതിന്റെ ഗുണഗണങ്ങള്‍ നിരത്തിക്കൊണ്ടാണ് ഹരിയാന ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഓം പ്രകാശ് ധന്‍കറിന്‍റെ പ്രഖ്യാപനം.

” എരുമപ്പാല്‍ പോലെ കൊഴുപ്പില്ലാത്ത പാലാണ് പശുവിന്‍റെത്.. പോരാത്തതിന് പശു എപ്പോഴും ഉന്മേഷവാനും എരുമ ഉറക്കംതൂങ്ങിയുമാണ്‌..” മന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞു. “നിങ്ങള്‍ക്ക് കരുത്ത് വേണമെങ്കില്‍ എരുമപ്പാല്‍ കുടിക്കൂ എന്നാണ് അവര്‍ ഹരിയാനയില്‍ പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ക്ക് സൗന്ദര്യവും ബുദ്ധിയും വേണമെങ്കില്‍ പശുവിന്‍പാല്‍ തന്നെ കുടിക്കണം ” എന്ന് പറഞ്ഞ ഓം പ്രകാശ് ധന്‍കര്‍ ഈ ഗുസ്തിക്കാര്‍ ആഗോലത്തലത്ത്തില്‍ അഭിമാനകരമായ പോരാട്ടം കാഴ്ച്ചവെച്ചവരാണ് എന്നും അവര്‍ കൂടുതല്‍ മെച്ചപ്പെടണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്നും കൂട്ടിച്ചേര്‍ത്തു.

കായിക രംഗത്ത് കഴിവ് തെളിയിക്കുന്നവര്‍ക്ക് പശുവിനെ നല്‍ക്കുന്നത് ഭാവിയിലും തുടരുമോ എന്ന് ചോദ്യത്തിനും മന്ത്രി മറുപടി പറയുകയുണ്ടായി ” അതൊക്കെ കായിക മന്ത്രാലയത്തിന്‍റെ കാര്യമാണ്. എനിക്കുള്ളത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ഒരാളുടെപക്കല്‍ തേനുണ്ട് എങ്കില്‍ അയാള്‍ തേന്‍ നല്‍കും. മറ്റൊരാളുടെ പക്കല്‍ നെയ്യ് ഉണ്ട് എങ്കില്‍ അയാള്‍ നെയ്യ് നല്‍കും. ഞാന്‍ കൃഷിവകുപ്പ് മന്ത്രിയാണ്. ഞാന്‍ പശുവിനെ നല്‍കും. ഹരിയാന ബോക്സിങ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ഞാന്‍. എല്ലാ ഗുസ്ഥിക്കാരും ആഗോളതലത്തില്‍ മെഡല്‍ കൈവരിക്കണം എന്നാണ്‌ എന്‍റെ ആഗ്രഹം.” ഓം പ്രകാശ് ധന്‍കര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ