2018 ലെ ഐപിഎൽ സീസണിൽ ഒരു ടീമുകളും പരിഗണിക്കാതിരുന്നത് അപമാനമായി തോന്നിയെന്ന് ഹർഷാൽ പട്ടേൽ. നാളത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് താരം മനസ്സ് തുറന്നത്. 2018 ലെ താര ലേലത്തിൽ എല്ലാ ഫ്രാഞ്ചൈസികളും അവഗണിച്ചത് അപമാനമായി തോന്നി, ഇത് ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനും നല്ല ഓൾറൗണ്ടറായി ഉയരാനുമുള്ള പ്രചോദനമായെന്നും ബാംഗ്ലൂർ പേസർ പറഞ്ഞു.
മുപ്പതുകാരനായ ഹർഷാൽ പട്ടേലിനെ 2018ൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് ഡൽഹി സ്വന്തമാക്കിയത്. ആ സീസണിൽ അധികം അവസരങ്ങളും ഹർഷാലിന് ലഭിച്ചില്ല.
”2018 ലെ ഐപിഎല്ലിൽ പലരും എന്നിൽ താല്പര്യം കാണിച്ചില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരുപാട് മൂല്യമുള്ള ഒരു മാച്ച് വിന്നറാകാൻ ആഗ്രഹിക്കുന്ന എനിക്ക് അത് ഒരു അപമാനമായിരുന്നു” ഹർഷാൽ പറഞ്ഞു.
”അതുകൊണ്ട് ഞാൻ മനസ്സിലാക്കി, എന്റെ ബാറ്റിങ് ഞാൻ അല്പം കൂടി മെച്ചപ്പെടുത്തിയാൽ ആളുകൾക്ക് എന്റെ ബാറ്റിങ്ങിൽ വിശ്വാസം വരികയും എനിക്ക് ഒരു മൂല്യമുള്ള കളിക്കാരനാകാൻ സാധിക്കുകയും ചെയ്യും. എനിക്ക് എപ്പോഴും നന്നായി ചെയ്യാൻ കഴിയുന്ന ഒന്നാണ് ബാറ്റിങ്, പക്ഷെ ഞാൻ അതിൽ അധികം ശ്രദ്ധിച്ചട്ടില്ല. എന്നാൽ ഏതെങ്കിലും പ്രയാസകരമായ മത്സരത്തിൽ എനിക്ക് നന്നായി ബാറ്റ് ചെയ്യാനും റൺസ് നേടാനും കഴിഞ്ഞാൽ ബാറ്റിങ്ങിലുള്ള എന്റെ വിശ്വാസം വർദ്ധിക്കുകയും എനിക്കൊരു മൂല്യമുള്ള ഓൾറൗണ്ടറാകാൻ സാധിക്കുകയും ചെയ്യും” ഹർഷാൽ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ചെന്നൈയിൽ നടന്ന മുംബൈ ബാംഗ്ലൂർ മത്സരത്തിൽ അവസാന ഓവറിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഹർഷാൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. ബാംഗ്ലൂരിന്റെ രണ്ടു വിക്കറ്റ് വിജയത്തിന് നിർണായകമായതും ഹർഷാൽ പട്ടേലിന്റെ ആ അഞ്ച് വിക്കറ്റുകളായിരുന്നു.
ഓരോ മത്സരത്തിന് ശേഷവും ടീമിൽ നിന്ന് പുറത്തുപോകുന്ന ഐപിഎല്ലിലെ രീതി കളിയെ തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഹർഷാൽ പറയുന്നു. അതുമൂലം മാനസിക സമ്മർദ്ദങ്ങളും ഉണ്ടായിട്ടുണെന്ന് ഹർഷാൽ പറഞ്ഞു.
“എനിക്ക് എന്റെ പ്രകടനത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു. ഇതിനു പ്രധാന കാരണം, കഴിഞ്ഞ ഐപിഎൽ സീസണുകളിൽ നിങ്ങൾ ഒരു കളി മോശമായി കളിച്ചാൽ, നിങ്ങളാണ് അഞ്ചാം ബോളർ, നിങ്ങൾ അടുത്ത മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും എന്ന സ്ഥിതിയായിരുന്നു. ഇതൊരു മാനസികമായ വിഷയം കൂടിയാണ്, നമ്മൾ ഈ ചിന്തയുമായി കളിക്കുമ്പോൾ നമ്മുക്ക് നല്ല മത്സരം പുറത്തെടുക്കാൻ കഴിയാതെ വരും. ഓരോരുത്തരും സ്വയം അതുമറികടക്കാൻ വഴികൾ കണ്ടു പിടിക്കേണ്ടതുണ്ട്.” ഹർഷാൽ പറഞ്ഞു.
ഇപ്പോൾ ടീം മാനേജ്‍മെന്റുകൾ ചിന്തിക്കുന്നതിൽ മാറ്റം വന്നിട്ടുണ്ട് എന്നാണ് ഹർഷാൽ കരുതുന്നത്. ഈ സീസണിൽ ഇതുവരെ കളിച്ച മത്സരങ്ങളിൽ പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചിട്ടുണ്ടെന്നും അത് മാനേജ്‍മെന്റുകൾ ഇതിനെ സമീപിക്കുന്നതിലെ മാറ്റം കൊണ്ടാണെന്നും ഹർഷാൽ പറഞ്ഞു. രാജ്യാന്തര മത്സര പരിചയമില്ലാത്തവർക്കും ഡെത്ത് ബോളിങ്ങിന് കഴിയുമെന്ന് മാനേജ്‍മെന്റുകൾ തിരിച്ചറിഞ്ഞത് നല്ല കാര്യമാണെന്നും ഹർഷാൽ കൂട്ടി ചേർത്തു.
ഈ വർഷത്തിലെ താര ലേലത്തിലാണ് ഹരിയാന പേസർ കൂടിയായ ഹർഷാൽ പട്ടേലിനെ ബാംഗ്ലൂർ സ്വന്തമാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡെത്ത് ഓവറുകളിൽ കോഹ്ലി വിശ്വസിച്ച് പന്തേൽപ്പിച്ചതും ഹർഷാൽ പട്ടേലിനായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബിദിനെതിരെ ബുധനാഴ്ചയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം.