മുംബൈ: ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെതിരായ നടപടിയില്‍ വിഷമിക്കുന്നവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് പണ്ഡിതനും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ. ഷാക്കിബിനെതിരായ നടപടി കുറഞ്ഞ് പോയെന്നും ദേഷ്യപ്പെടുന്നതില്‍ കാര്യമില്ലെന്ന് ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു.
‘ഷാക്കിബിനെതിരായ നടപടി കടുത്തതാണെന്ന് നിരവധി പേര്‍ പറയുന്നത് കണ്ടു. സത്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. രണ്ട് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും കുറ്റം സമ്മതിച്ചതോടെ അത് ഒരു വര്‍ഷമായി കുറഞ്ഞിട്ടുണ്ട്. അതൊരു വലിയ ഭാഗ്യം തന്നെയാണ്’ അദ്ദേഹം പറഞ്ഞു.
”വിലക്ക് ബംഗ്ലാദേശ് ക്രിക്കറ്റില്‍ ഞെട്ടലുണ്ടാക്കുന്നതാണ്. ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ക്രിക്കറ്റ് താരമാണ് ഷാക്കിബ്. അതിനാല്‍ ഒത്തുക്കളിക്കാരുടെ ഓഫറിനെ കുറിച്ച് ഐസിസിയെ അറിയിച്ച് അദ്ദേഹത്തിന് നല്ല മാതൃകയാകാമായിരുന്നു. ആ അവസരമാണ് ഷാക്കിബ് പാഴാക്കിയത്” ഭോഗ്‌ലെ അഭിപ്രായപ്പെട്ടു.
”ഷാക്കിബ് മാത്രമല്ല, ഒരു കളിക്കാരനും ഐസിസിയുടെ അഴിമതി വിരുദ്ധ നിയമങ്ങള്‍ക്ക് അതീതരല്ല. താഴ്ന്ന തലത്തില്‍ കളിക്കുന്നവര്‍ പോലും ഒത്തുകളി ശ്രമത്തെ കുറിച്ച് ഐസിസിയെ അറിയിക്കാന്‍ ബാധ്യസ്ഥരാണ്. മൂന്ന് തവണ ശ്രമമുണ്ടായെന്നത് ഷാക്കിബിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്നതാണ്” ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.