ലണ്ടൻ: ലോകഫുട്ബോൾ വർഷങ്ങളായി അടക്കി വാഴുന്ന ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് വെല്ലുവിളിയായി ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ കുതിപ്പ്. 2017 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം ഹാരി കെയ്ൻ സ്വന്തം പേരിൽ കുറിച്ചു.

2017 കലണ്ടർ വർഷത്തിൽ ടോട്ടൻഹാമിനായി 55 ഗോളുകൾ നേടിയ താരം 54 ഗോളുകൾ നേടിയ ബാഴ്സലോണയുടെ ഇതിഹാസ താരം ലയണൽ മെസിയെ മറികടന്നു. 53 ഗോളുകൾ വീതം നേടിയ റൊണാൾഡോ, ലെവൻറോവ്സ്കി, കവാനി എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്.

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മൽസരത്തിലാണ് ഹാരി കെയ്ൻ ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. സത്താംപ്ടണെതിരായ മൽസരത്തിൽ ഹാട്രിക് നേട്ടം സ്വന്തമാക്കിയാണ് ടോട്ടൻഹാമിന്റെ താരമായ കെയ്ൻ റെക്കോർഡ് നേട്ടം ആഘോഷിച്ചത്.

ഇതിനിടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമെന്ന അലൻ ഷിയററുടെ റെക്കോർഡും താരം മറികടന്നു. ഇതു വരെ 38 ഗോളുകൾ നേടിയ താരം അലൻ ഷിയൻ ബ്ലാക്ക്ബേൺ റോവേഴ്‌സിനു വേണ്ടി നേടിയ 36 ഗോളുകളുടെ റെക്കോർഡാണ് പഴങ്കഥയാക്കിയത്. പ്രീമിയർ ലീഗിൽ പതിനേഴു ഗോളുകളോടെ നിലവിലെ ടോപ് സ്കോററാണ് ഹാരി കേൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ